
ആദ്യമായിട്ടാണ് ഏതെങ്കിലും ഒരു അച്ചടി മാധ്യമത്തിൽ ഞാനെഴുതിയത് പ്രസിദ്ധീകരിയ്ക്കുന്നത്. ആ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു.
.
2009, നവംബര്‍ 3, ചൊവ്വാഴ്ച
എന്റെ ഒരു ചെറിയ സന്തോഷം....
2009, മേയ് 14, വ്യാഴാഴ്ച
പുനർജന്മം
ഇനിയുള്ള ജന്മമൊരു പ്രകാശത്തുണ്ടായി പിറക്കണം
ഏതോ ഇരുട്ടുമുറിയിലെ ഇടുങ്ങിയ പഴുതിലൂടൊഴുകി
ചിന്നിച്ചിതറാതെ ഒരൊറ്റബിന്ദുവിൽ പൊഴിഞ്ഞൊതുങ്ങി-
യതിൽ തന്നെ ജന്മമൊടുങ്ങുംവരേയുമങ്ങനെ...
അല്ലെങ്കിലുണങ്ങിവരണ്ട മണ്ണിൽ വീണൊരു മഴത്തുള്ളി;
ആത്മാവിന്റെ ദാഹത്തിലേയ്ക്കൊലിച്ചിറങ്ങുന്നമാത്രയിൽ,
ഒരുനുള്ളുമണ്ണിനെ പുണർന്നില്ലാതെയാകുമ്പോഴും,
ബാക്കിയാവുന്നൊരു നനവിന്റെ ചെറുകണിക.
സഫലമാകാത്തൊരു ജന്മത്തിന്റെയൊടുക്കം,
നീറിയില്ലാതാകുമ്പോഴും ബാക്കിയാകുന്ന മോഹച്ചിന്തുപോലെ
ഞാനുമുണ്ടാകുമെന്നും; മരണത്തിനൊടുക്കമെത്തുന്ന-
മഴയിലോ വെയിലിലോ... പിറവിതേടുന്നൊരു ഭ്രൂണമായ്
2008, ഓഗസ്റ്റ് 27, ബുധനാഴ്ച
പരീക്ഷകള്‍

ഞാനിപ്പോഴും സ്വപ്നം കാണാറുണ്ട്
പഠിക്കാതെയെഴുതുന്ന പരീക്ഷകളും
ഉത്തരങ്ങളില്ലാത്ത വെള്ളക്കടലാസും
എഴുതിയിട്ടും തെളിയാത്ത പേനകളും
സ്വപ്നത്തിലും തോല്‍വിയെ ചിന്തിച്ച്
വിളറി വിയര്‍ത്ത് പരവശയാകാറുണ്ട്
ഭയം വേരിറങ്ങിയ മനസ്സുണരുമ്പോള്‍
സ്വപ്നമെന്നറിഞ്ഞാശ്വസിക്കാറുമുണ്ട്
എന്നാലുണര്‍ന്നിരിക്കുമ്പോഴും മനസ്സില്‍-
കുറേ ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടാകും
ആ പരീക്ഷയില്‍ പതറിപ്പായുന്ന മനസ്സ്
ഭയത്തിന്റെ ചൂടില്‍ ചുരുങ്ങിചെറുതാകാറുണ്ട്
മനസ്സിന്റെ പിടിയിലൊതുങ്ങാത്ത സമസ്യകള്‍-
പൂരിതമാകുന്നത് കല്ലറകള്‍ക്കുള്ളില്‍ വെച്ചാകും
അതല്ലായിരുന്നുവെങ്കില്‍ ഉത്തരമില്ലാത്ത-
ചോദ്യങ്ങളായി ജന്മങ്ങളൊടുങ്ങില്ലായിരുന്നു
.
2008, ഓഗസ്റ്റ് 10, ഞായറാഴ്ച
പിണക്കം
അവനിന്നു വിഷയം,
ഞാനിട്ട കറുത്ത കുപ്പായത്തിന്റെ
സുതാര്യമായ കൈകളായിരുന്നു.
ഇനി ഇതിടേണ്ടെന്നതിലെ ശകാരം
മനസ്സില്‍ പെറ്റുപെരുകി.
ഞാനവനുമാത്രമെന്ന അവകാശം
വാക്കുകളിലൊളിഞ്ഞിരിക്കുന്നത്
കണ്ടില്ലെന്ന് നടിച്ച് പരിഭവിക്കാന്‍
മനസ്സേറെ തിടുക്കം കൂട്ടി.
സ്നേഹക്കുറവിന്റെ കള്ളക്കണക്കുനിരത്തി
പരാതികളുടെ അക്ഷയപാത്രമായി.
കരഞ്ഞും കലഹിച്ചുമവന്റെ ദിവസം
സ്വന്തമാക്കിയെന്ന് തൃപ്തിപ്പെട്ടു.
ഒരു മുത്തമുതിര്‍ത്ത ചൂടില്‍
പിണക്കത്തിന്റെ മഞ്ഞുമല
ഉരുകിയൊലിച്ചില്ലാതാകവേ
നൊമ്പരപ്പെട്ടതെന്തിനെന്നറിയാതെ
പരിഭവക്കൂടിനെ അടച്ചുവെച്ചു
ഒരുപാടിഷ്ടപ്പെട്ടുവാങ്ങിയ കുപ്പായം
വെറുപ്പോടെ ദൂരെയെറിയുമ്പോള്‍
എന്തിനാവും എന്റെ ചുണ്ടില്‍
ഒരു കള്ളച്ചിരി പടര്‍ന്നത്?
.
2008, ജൂലൈ 27, ഞായറാഴ്ച
അവള്‍ യാത്രയായി.....
ഇവിടെ ഒരിക്കല്‍ ഞാന്‍ അവളെക്കുറിച്ചെഴുതിയിരുന്നു; എന്നെങ്കിലും അവള്‍ ഞങ്ങളുടെ ചങ്ങാത്തിക്കൂട്ടത്തിലേയ്ക്ക് തിരികെപറന്ന് വരുമെന്ന പ്രതീക്ഷ എന്റെ ബൂലോക ചങ്ങാതിമാരോട് പങ്കുവെച്ചിരുന്നു. പക്ഷെ പ്രതീക്ഷകളൊക്കെയും വ്യര്‍ത്ഥമാക്കിക്കൊണ്ട് അവള്‍ മരണത്തിന്റെ ലോകത്തേയ്ക്ക് പറന്നകന്നു.
കപടസ്നേഹത്തിന്റെ വലയിലകപ്പെട്ടവള്‍ ആരെ തോല്‍പ്പിക്കാനാകും മരണത്തെകൂട്ടുപിടിച്ചത്? പക്ഷെ മരണം പോലും അന്നവള്‍ക്ക് കൂട്ടുനിന്നില്ല. മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ അവള്‍ തള്ളി നീക്കിയത് യൌവ്വനത്തിന്റെ വിലപ്പെട്ട അഞ്ച് വര്‍ഷങ്ങള്‍. ഒടുവില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ചങ്ങാതിമാര്‍ക്കും ഒരിക്കലും തീരാത്ത നൊമ്പരം സമ്മാനിച്ച് അവള്‍ ജീവിതത്തില്‍നിന്ന് പടിയിറങ്ങി. ഇരുപത്തിയേഴുവര്‍ഷത്തെ ആ ജീവിതം, അതിലെ കളിയും ചിരിയും കണ്ണീരുമെല്ലാം ഒരു കോളം വാര്‍ത്തയിലും കുസൃതിച്ചിരിയോടെ നില്‍ക്കുന്ന ചിത്രത്തിലും പ്രീയപ്പെട്ടവരുടെ മനസ്സിലും മാത്രമായി ഒതുങ്ങുന്നു.
പ്രീയപ്പെട്ട കൂട്ടുകാരീ, നീ ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും കഴിയുന്നില്ല. നിനക്കായ് രണ്ടുതുള്ളി കണ്ണീര്‍ പൊഴിക്കാന്‍ പോലും ഇന്നെനിയ്ക്കാവുന്നില്ല. പകരം ആഴമേറിയ ഭീതിതമായ ഒരു മൌനം മനസ്സില്‍ കൂടുകെട്ടുന്നു. നിന്റെ വിയോഗം സൃഷ്ടിച്ച നഷ്ടത്തോളം തന്നെ ആഴമേറിയത്..... എപ്പോഴും പ്രണയത്തെക്കുറിച്ച് വാചാലമാകുന്ന എന്റെ തൂലികയും ഇന്ന് മൌനിയാകുന്നു. അതിനാല്‍ ആരോ എന്നോ എഴുതിയ ഈ വാചകം ഞാനിവിടെ കൂട്ടുച്ചേര്‍ക്കുന്നു. പ്രണയിക്കുന്ന എല്ലാ മനസ്സുകള്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ........
2008, ജൂലൈ 22, ചൊവ്വാഴ്ച
എന്റെ വരികളില്‍ നീ വായിക്കുന്നത്.......
2008, ജൂലൈ 16, ബുധനാഴ്ച
അസത്യം ജനിച്ചപ്പോള്‍ മരിച്ചത്.......
തുളുമ്പി വീഴാന്‍ തുടങ്ങുകയായിരുന്നു
2008, ജൂലൈ 9, ബുധനാഴ്ച
ഇടവഴിയുടെ ഗന്ധം

പാത്രത്തില്‍ നിന്നു തുളുമ്പിവീണ
പാല്‍ത്തുള്ളികളുടെ വാത്സല്യമുള്ള ഗന്ധം
സൌജന്യമരുന്നുമായി മടങ്ങുന്നനേരം
അയലത്തെ അമ്മൂമ്മ കാറ്റിനു സമ്മാനിച്ച
തൈലത്തിന്റെയും കഷായത്തിന്റെയും ഗന്ധം
വില്പനയുടെ ലാഭനഷ്ടങ്ങളെയരിച്ചെടുത്തിടയില്‍
പീടികക്കാരന്‍ നുള്ളിയെടുത്തു വലിയ്ക്കുന്ന
മൂക്കില്‍പൊടിയുടെ തുമ്മലുണ്ടാക്കുന്ന ഗന്ധം
പഠനദിനത്തിന്റെ ഇടവേളകളില്‍
ബാല്യത്തിലെ ചങ്ങാത്തങ്ങള്‍ നുണഞ്ഞിറക്കുന്ന
ശര്‍ക്കരമിഠായിയുടെ മാധുര്യമുള്ള ഗന്ധം
വഴിയില്‍ കാത്തുനില്‍ക്കുന്ന കാമുകന്റെയും
കണ്ടിട്ടും കാണാതെ നടന്നു നീങ്ങുന്ന കാമുകിയുടെയും
മൌനപ്രണയത്തിന്റെ മുല്ലപ്പൂഗന്ധം
അങ്ങനെ എത്രയെത്ര ഗന്ധങ്ങളാണ്
ആ ഇടവഴി എനിക്കായി കാത്തുവെക്കാറുള്ളത്!
ഞാനൊരുപാടിഷ്ടപ്പെടുന്ന എന്റെ നാടിന്റെ സുഗന്ധം.....
2008, ജൂണ്‍ 25, ബുധനാഴ്ച
പിറക്കാനിരിയ്ക്കുന്ന എന്റെ മകള്‍ക്ക്.....
.
ചിത്രത്തിന് കടപ്പാട്: www.ourlittleangel.co.uk/
2008, ജൂണ്‍ 23, തിങ്കളാഴ്ച
തെരുവിന്റെ മകള്‍
ജീവന്റെ നൂല്‍പ്പാലമേറിയ ശൈശവം





