പറഞ്ഞു തീരാത്തൊരു കഥപോലെ
നീളുകയാണെന്റെ വ്യര്‍ഥജന്മം
ആശിച്ചു ജീവന്‍ വെടിയാനെനിക്കായെങ്കില്‍
എന്നു ഞാന്‍ നിര്‍വാണം പൂകിയേനെ
കണ്ണെത്തും കോണിലെനിക്കെത്താനാകാതെ
ആശിച്ചതൊന്നിനും ആവതുമില്ലാതെ
എനിക്കെത്രനാളിനിയിങ്ങനെ ശയ്യയില്‍
കാലനിറഭേദങ്ങളില്ലാത്ത ജീവിതം
പാറിപ്പറക്കുന്ന ശലഭത്തിനെപ്പോല്‍
ആടിത്തിമിര്‍ത്തു ഞാനൊരുനാളിലീ ഭൂവില്‍
ചിറകറ്റു വീണൊരു പുഴുവായി മാറുവാന്‍
നിമിഷങ്ങള്‍ പോലുമെടുത്തില്ലെന്നറിവുഞാന്‍
അറിയുന്നു; കാണുന്നു കണ്മുന്നിലേവതും
ആവില്ലെനിക്കതു നിങ്ങളോടോതുവാന്‍
പ്രകടമാം ഭാവഭേദങ്ങളെനിക്കനിക്കന്യം
ഭാഷകള്‍ എന്‍ മുന്നില്‍ നിസ്സഹായര്‍
നാമെല്ലാമൊന്നിച്ചാസ്വദിച്ചൊരാ നാളുകള്‍
ഓര്‍മ്മകളിലെന്നുമെനിക്കു സ്വന്തം
അതിലെന്നുമെന്‍ കൂടെ നിങ്ങളെല്ലാവരും
കഴിഞ്ഞകാലത്തിന്‍ പുനര്‍ജന്മം പോലെ
നിറമുള്ളോരോര്‍മ്മതന്‍ സ്വപ്നക്കൂടൊരുക്കി ഞാന്‍
നിനവുകളോരോന്നായ് നെയ്തു കൂട്ടാം
ഒരുനാളിലെപ്പോഴോ മരണം വരുംവരെ
മൌനത്തിന്‍ ഭാഷയില്‍ സംവദിക്കാം.
എന്നോ ഒരുനിമിഷത്തിന്റെ തോന്നലില്‍ ചെയ്തു പോയ തെറ്റിനു പകരമായ്
ഒന്നും ആരോടും പറയാന്‍ ആകാതെ ഒന്നിനും ആകാതെ ഇന്നും നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിക്കുന്ന എന്റെ സ്വന്തം കൂട്ടുകാരിക്കു വേണ്ടി...... ആയിരം കാതങ്ങള്‍ അകലെ ആണെങ്കിലും നിന്റെ മനസ്സ് വായിക്കാന്‍ എനിക്ക് കഴിയുന്നു...നിനക്ക് വേണ്ടി സംസാരിക്കാന്‍ എനിക്കായെങ്കില്‍..... അതേ ഇന്ന് എനിക്കു കഴിയൂ....



13 അഭിപ്രായ(ങ്ങള്‍):
കൊള്ളാം ശാരൂ... നല്ല ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിരിയ്ക്കുന്നു. ശരിയ്ക്കും കൂട്ടുകാരിയ്ക്കുള്ള ഒരു സ്നേഹ സമ്മാനം തന്നെ, ഇത്.
ആ കൂട്ടുകാരിയുടെ സന്തോഷത്തിനായി പ്രാര്‍ത്ഥിയ്ക്കാം.
ശാരൂ..
കവിതകളിലൂടെ കൂറെ നേരം സഞ്ചരിച്ചു..
അനുഭവത്തിന്റെ
ആര്‍ദ്രതയുള്ള
ഈ രചന...
ഡിസംബറിനെ അതിജീവിക്കുകയാണ്...
നെരിപ്പോടായി
എരിയുന്ന കൂട്ടുകാരിയുടെ
ആത്മാവിന്റെ ഓരോ ചലനങ്ങളും
അകലെയിരുന്നാണെങ്കിലും
ഒപ്പിയെടുക്കാന്‍
സാധിച്ച ചാരിതാര്‍ത്ഥ്യത്തില്‍
അഹങ്കരിച്ചോളൂ...
കവിതയുടെ പ്രതലത്തിലെ
നിരാശയുടെ
സ്നിഗ്ധതക്ക്
മുന്നില്‍ ദ്രൗപദി നമിക്കുന്നു...
ഇനിയും എഴുതുക
വരികളെല്ലാം കളഞ്ഞുപോയതാണ്..
പിന്നീടൊരിക്കല്‍
മനസില്‍ നിന്നത് തിരിച്ചുകിട്ടുമ്പോള്‍
നാം
കവിതകളായി പുനര്‍ജനിക്കുന്നു...
നന്മകള്‍
ആശംസകള്‍
ഭാവുകങ്ങള്‍....
nalla varikal...
നല്ല വരികള്‍ ശാരൂ.
nannaayirikkunnu, thudaroo sharoo
ആ കൂട്ടുകാരിയോടുള്ള ഷാരുവിന്റെ സ്‌നേഹത്തിന്റെ ആഴം ഈ വരികളില്‍ പ്രതിഫലിക്കുന്നു...
കൂട്ടുകാരി സസന്തോഷം ജീവിക്കട്ടെ...
കവിത നന്നായി
എല്ലാവര്‍ക്കും നന്ദി... ഇനി ഒരു സന്തോഷജീവിതം അവള്‍ക്കു ഉണ്ടാകുമോ എന്നത് ഈശ്വരന് മാത്രമേ പറയാന്‍ കഴിയൂ... ശാസ്ത്രത്തിന്റെ ഭാഷയില്‍ ഒരു ‘മിറക്കിള്‍’... അതിനായി ഞാനും പ്രാര്‍ത്ഥിക്കുന്നു
എത്രയും വേഗം “ആ മിറാക്കിള്‍” സംഭവിക്കും, അങ്ങിനെ ചിന്തിക്കാനാണിഷ്ടം...
കവിതയോടൊപ്പമുള്ളം ചിത്രം ആരു വരച്ചതാണ്??
"പറഞ്ഞു തീരാത്തൊരു കഥപോലെ
നീളുകയാണെന്റെ വ്യര്‍ഥജന്മം"
ആശ...ശയ്യ.ശരശയ്യതന്നെ. എല്ലാവരും വീണുപോകുന്ന അതേ ശയ്യ.
വ്യഥകള്‍ നല്ലത്...!
ശാരൂ...നന്നായിരിക്കുന്നു.........വളരെ നന്നായിരിക്കുന്നു.
കൂട്ടുകാരിയുടെ മനസ്സറിയുന്ന ഷാരൂ, കൂട്ടുകാരിക്കുവേണ്ടി സംസാരിക്കാനും ഷാരുവിന് കഴിയട്ടെ.
അതൊരു കവിത രൂപത്തിലാകട്ടെ എന്നും ആശംസിക്കുന്നു.
വായിച്ചപ്പോള്‍ സങ്കടം വന്നു.
കൊള്ളാം മാലാഖേ താന്‍.......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ