2007, ഡിസംബര്‍ 12, ബുധനാഴ്ച

തെരുവിലെ ദേവദാസി


ഇന്നു നീ എന്നോട് ചോദിക്കുമെന്നു ഞാന്‍ ആശിച്ചു

ഞാനെന്തേയിങ്ങനെ ആയി എന്ന്

ഒരുപാടുത്തരങ്ങളുമായി കാത്തിരിക്കുകയായിരുന്നു

നിനക്കെവിടെ നേരം; തിടുക്കമല്ലേ

മാംസത്തെ പ്രാപിക്കാന്‍ വരുന്നവന്റെ പാപബോധം

പകലിന്റെ മുന്നിലെ മിഥ്യയായ അഭിമാനം

എന്നെ തിരിച്ചറിഞ്ഞില്ലെന്നു നീ നടിച്ചു

അവിടെയും നീയൊരു പരാജയം

എന്നെ നിനക്കറിയാം മറ്റാരെക്കാളും

ആദ്യ കാമിനിയെ എങ്ങിനെ മറക്കാന്‍

അന്നൊരിക്കലാദ്യമായ് പ്രണയമെന്ന നാട്യത്തില്‍

നീയെന്നെ പുല്‌കുമ്പോള്‍ ഞാനറിഞ്ഞില്ല

കാമത്തിനെന്നും ഒരു മുഖം മാത്രമെന്ന്

പ്രാപിക്കുന്നവരും പ്രാപിക്കപ്പെടുന്നവളും

ഇരുട്ടിന്റെ പാരമ്യത്തില്‍ കാണുന്ന പാപത്തിന്റെ മുഖം

പിന്നെയെന്നോ ഒരുമിച്ചു നടന്ന വഴികള്‍

നിനക്കന്യമാകുമ്പോഴും ഞാനേറെ കാത്തു

വന്നില്ല; വന്നത് കാമം പൊതിഞ്ഞ കണ്ണുകള്‍

അവ പലവുരു പിന്നെയും തേടിയെത്തി

പ്രണയം പണത്തിനു വഴി മാറി

കാമം സ്ഥായിയായി തുടര്‍ച്ച നേടി

വേശ്യാത്തെരുവിന്റെ വിഴുപ്പുമായി

ഇരുട്ടു കനം വെച്ച മുറിയില്‍

മടിശ്ശീലക്കനംനോക്കി മാംസത്തിനു വിലപേശി

മാറി മാറി വരുന്ന വിയര്‍പ്പുഗന്ധത്തില്‍

കാമത്തിനു മറ്റൊരു മുഖം തേടി

ഇന്നു നിനക്കു പറയാന്‍ പ്രണയത്തിന്റെ ജല്പനങ്ങളില്ല

പ്രണയാഗ്നിയില്‍ തുടുത്ത മുഖശോഭയില്ല

മരണത്തിന്റെ വിളറിയ മുഖവും കനം തൂങ്ങുന്ന കണ്ണുകളുമായി

നീ തേടിയെത്തിയതെന്നെയല്ല

മറിച്ച് മാംസനിബദ്ധമാം കാമം മാത്രം

എനിക്കിനി സഞ്ചരിക്കാന്‍ വഴികളില്ല

നിനക്കു തേടാന്‍ ദേഹങ്ങളും

നിന്നില്‍ തുടങ്ങിയതൊക്കെയും നിന്നില്‍ തീരട്ടെ

കാമത്തിന്റെ മുഖം പാപമായ് തുടരട്ടെ

നമുക്കിനി വെളിച്ചത്തെ സ്നേഹിക്കാം

അഗ്നിയില്‍ ശുദ്ധിനേടി അതില്‍ തന്നെ ഒടുങ്ങാം

26 അഭിപ്രായ(ങ്ങള്‍):

രാജന്‍ വെങ്ങര പറഞ്ഞു...

എന്‍റ്റമ്മോ ഞനിതെവിടെയായിരുന്നു ഇത്രയും കാലം?
ഇത്ര മനോഹരമായ ഒരു ബ്ബ്ലോഗുണ്ടായിട്ടു അതില്‍ കയറാതെ,കണാതെ, ചെ, കഷ്ടം തന്നെ എന്റെ കാര്യം . എല്ലാം വായിക്കേണം,കാണണം. വിശദ്മായി ,എല്ലാം ഒന്നു കണ്ടിട്ടു എഴുതാം കൂടുതല്‍. സ്നേഹപൂര്‍വം ...

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കൊള്ളാം എങ്കിലും വാക്കുകള്‍ക്ക് കുറച്ചുകൂടി ശക്തി പകരുക

നാടോടി പറഞ്ഞു...

ആദ്യമായിട്ടാണ് ഇവിടെ വരുന്നത്
കൊള്ളാം
തുടരുക
സ്‌നേഹപൂര്‍വ്വം
നാടോടി...........

ഉപാസന | Upasana പറഞ്ഞു...

രാജേട്ടനെ പ്പോലെ തന്നീ ഉപാസനയും ആദ്യമായാണീവിടെ...
കവിതകള്‍ നന്നാവുന്നു ഷാരു
:)
ഉപാസന

മന്‍സുര്‍ പറഞ്ഞു...

ഷാരു....

മനോഹരമായിരിക്കുന്നു...എഴുത്ത്‌...മുകളില്‍ രാജന്‍ ഭായ്‌ പറഞ്ഞത്‌ വാസ്തവം... പലപ്പോഴും നല്ല ബ്ലോഗ്ഗുകല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. നല്ല എഴുത്താണെങ്കിലും....

ബ്ലോഗ്ഗ്‌ മറ്റുള്ളവര്‍ അറിയാന്‍...കൂടുതല്‍ വായനക്കാരെ കിട്ടാന്‍ ഞാനറിഞ്ഞ മാര്‍ഗ്ഗം ഒന്നേയുള്ളു.. നമ്മള്‍ മറ്റ്‌ ബ്ലോഗ്ഗുകള്‍ സന്ദര്‍ശിക്കുക... നമ്മുടെ അഭിപ്രായങ്ങള്‍ അതിലറിയിക്കുക...

എല്ലാരും എഴുതുന്നവരാണ്‌ അപ്പോ എല്ലാരും അഭിപ്രായങ്ങള്‍ ആഗ്രഹിക്കും... വായനകാരനിലെങ്കിലെന്ത്‌ എഴുത്ത്‌...

ഈ മനോഹര ബ്ലോഗ്ഗിന്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.... തിരിച്ച്‌ വരാം കൂടുതല്‍ വായനക്കായ്‌....

നന്‍മകള്‍ നേരുന്നു

വാല്‍മീകി പറഞ്ഞു...

നല്ല കവിത ശാരൂ..

ദീപു പറഞ്ഞു...

കൊള്ളാം ... വളരെ നല്ല വരികള്‍
ഇത്‌ വായിച്ചപ്പൊള്‍ ബാക്കി കവിതകളും വായിക്കണം എന്ന് തോന്നുന്നു... നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.

ശ്രീവല്ലഭന്‍ പറഞ്ഞു...

"മാംസത്തെ പ്രാപിക്കാന്‍ വരുന്നവന്റെ പാപബോധം
പകലിന്റെ മുന്നിലെ മിഥ്യയായ അഭിമാനം"

വളരെ നല്ല വരികള്‍...

തുടരുക..

Sharu.... പറഞ്ഞു...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി..പരമാവധി ബ്ലോഗുകള്‍ വായിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു ഇടവേളക്ക് ശേഷം ഉള്ള വരവാണ്.
പ്രിയാ‍... ഭാവിയില്‍ ശ്രമിക്കാം.ശ്രദ്ധിക്കാം

കാവലാന്‍ പറഞ്ഞു...

നന്നായിട്ടുണ്‍ട്. കവിതയില്‍ കഥ (കാര്യം) പൊന്തിനില്‍ക്കുന്നതുപോലെ. സമയമെടുത്തെഴുതിയിരുന്നെണ്‍കില്‍
അല്പ്പം കൂടിനന്നാവുമായിരുന്നോ?.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| പറഞ്ഞു...

ഈയടുത്ത കാലത്ത് ഇതേ ആശയമുള്ള ഒരു കഥവായിച്ചിരുന്നു.....

വരികള് കൊള്ളാം....ആശംസകള്...

..::വഴിപോക്കന്‍[Vazhipokkan] പറഞ്ഞു...

നന്നാ‍യിരിക്കുന്നു..
ഭാവുകങ്ങള്‍.

കൂട്ടുകാരന്‍ പറഞ്ഞു...

ആശയം നന്നായി..നല്ല കവിത.

ഏ.ആര്‍. നജീം പറഞ്ഞു...

പ്രണയവും വഞ്ചനയും ഒരുപാട് കേട്ട് മടുത്തതെങ്കിലും, ഈ വരികളില്‍ വല്ലാത്തൊരു തീവൃത കാണുന്നു..പ്രിയ ഉണ്ണികൃഷ്ണന്റെ അഭിപ്രായം ഭാവിയില്‍ ശ്രദ്ധിക്കണേ....

അഭിനന്ദനങ്ങള്‍

മാണിക്യം പറഞ്ഞു...

...ശക്തിയുള്ള പ്രമേയം
സരളമായ ഭാഷയില്‍
ചിത്രീകരിച്ചിരിക്കുന്നു.
പ്രമയത്തിന്റെ പുതുമയല്ലാ
മറിച്ചു അത് അവതരിപ്പിക്കാന്‍
കാണിച്ച മനസ്സിനാണ് അഭിനന്ദനം‍

ഹരിശ്രീ പറഞ്ഞു...

നമുക്കിനി വെളിച്ചത്തെ സ്നേഹിക്കാം
അഗ്നിയില്‍ ശുദ്ധിനേടി അതില്‍ തന്നെ ഒടുങ്ങാം

ഷാരൂ,

ഇവിടെ ഞാനും ആദ്യമായാണ് .

നല്ല വരികള്‍....ആശംസകളോടെ

ഹരിശ്രീ

വേണു venu പറഞ്ഞു...

ദേവദാസിയെ ഒന്നു കൂടി ശുദ്ധമാക്കാമായിരുന്നു എന്നൊരു തോന്നല്‍‍. വരികളിഷ്ടമായി.:)

മൂര്‍ത്തി പറഞ്ഞു...

ഫോര്‍മാറ്റിങ്ങ് അല്പം കൂടി ശ്രദ്ധിച്ചാല്‍ നന്നായിരുന്നു. ഈ ടെം‌പ്ലേറ്റിനു ചെറിയ ചിത്രങ്ങളാവും യോജിക്കുക എന്ന് തോന്നുന്നു. അത് പോലെ പോസ്റ്റ് കഴിഞ്ഞ് ധാരാളം സ്ഥലം കിടക്കുന്നു. ഉദാ: ഒടുങ്ങാം..കഴിഞ്ഞ് കഴ്സര്‍ കൊണ്ടു വെച്ച് കുറച്ച് ഡിലിറ്റ് ചെയ്താല്‍ ആ ഗ്യാപ് മാറും.
qw_er_ty

ദ്രൗപദി പറഞ്ഞു...

വിഷയം
അതിഭാവുകത്വത്തിന്‌ അടിമപ്പെടുന്നതാണെങ്കില്‍
വാക്കുകളില്‍ അഗ്നി പൊതിയുക...

പേരിലെ പുതുമ
വരികളിലാവഹിച്ചപ്പോള്‍
എവിയെടോ മുറിഞ്ഞുപോയ പോലെ തോന്നി..
വരികളെ വേര്‍പെടുത്താത്തതിനാലാവാം..
വായനയുടെ സുഖത്തെ
ഇടക്ക്‌ മുറിച്ചുകളഞ്ഞു....

കുറ്റപ്പെടുത്തലല്ല..
വരാനിരിക്കുന്ന വസന്തത്തിനായി ഒരു ചെറിയ തിരുത്തല്‍...

ആശംസകള്‍...

Sharu.... പറഞ്ഞു...

നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. എന്റെ കൂട്ടുകാരുടെ സ്നേഹപൂര്‍വമായ തിരുത്തലുകള്‍ എന്നും എനിക്കു പ്രോത്സാഹനമാണ്. ഇനിയും അത് പ്രതീക്ഷിക്കുന്നു.

നിലാവര്‍ നിസ പറഞ്ഞു...

കൂട്ടുകാരീ..
വായിക്കുന്നു
പ്രണയത്തെ..

സ്നേഹം..

ശ്രീ പറഞ്ഞു...

ശാരൂ...
വരാന്‍‌ ഒരിത്തിരി വൈകി.
“എനിക്കിനി സഞ്ചരിക്കാന്‍ വഴികളില്ല
നിനക്കു തേടാന്‍ ദേഹങ്ങളും
നിന്നില്‍ തുടങ്ങിയതൊക്കെയും നിന്നില്‍ തീരട്ടെ
കാമത്തിന്റെ മുഖം പാപമായ് തുടരട്ടെ
നമുക്കിനി വെളിച്ചത്തെ സ്നേഹിക്കാം
അഗ്നിയില്‍ ശുദ്ധിനേടി അതില്‍ തന്നെ ഒടുങ്ങാം”

നന്നായി എഴുതിയിരിക്കുന്നു.
:)

നിരക്ഷരന്‍ പറഞ്ഞു...

വൈകിവന്ന മറ്റൊരുവന്‍ .
നന്നായിരിക്കുന്നു.
കൂടുതല്‍ തിരുത്തുകള്‍ നിര്‍ദ്ദേശിക്കാനുള്ള ജ്ഞാനമൊന്നുമില്ല.
ഇതുവരെ കിട്ടിയ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താല്‍ മതി. കൂടുതല്‍ നല്ല നല്ല പോസ്റ്റുകള്‍ ഇനിയുമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

മന്‍സൂര്‍ പറഞ്ഞതാണ്‌ സത്യം .
'' ബ്ലോഗ്ഗ്‌ മറ്റുള്ളവര്‍ അറിയാന്‍...കൂടുതല്‍ വായനക്കാരെ കിട്ടാന്‍ ഞാനറിഞ്ഞ മാര്‍ഗ്ഗം ഒന്നേയുള്ളു.. നമ്മള്‍ മറ്റ്‌ ബ്ലോഗ്ഗുകള്‍ സന്ദര്‍ശിക്കുക... നമ്മുടെ അഭിപ്രായങ്ങള്‍ അതിലറിയിക്കുക ''

അതാണല്ലോ ഇപ്പോള്‍ സംഭവിച്ചത് . ഷാരു എന്റെ ബ്ലോഗില്‍ വന്നതുകൊണ്ടല്ലേ എനിക്ക് ഷാരുവിന്റെ ഈ മനോഹരമായ ബ്ലോഗ് കാണാന്‍ സാധിച്ചത് .

ബെഞ്ചമിന്‍ പറഞ്ഞു...

നല്ല വരികള്‍...കൊള്ളാം...!!!!!!!

RaFeeQ പറഞ്ഞു...

ഞാനെന്താ പറയാ..
ഞാന്‍ രണ്ടു മൂന്നു പ്രാവിശ്യം. വായിച്ചു.. വീണ്ടും വായിക്കണം എന്നു തോന്നുന്നു...

jithan പറഞ്ഞു...

ഷാരൂ...
കവിത വായിച്ചു....അനുഭവിച്ചു എന്നു പറയുകയായിരിക്കും ശരി...
മനസ്സിനെ ശരിക്കും ഉലച്ചു താങ്കളുടെ കവിത...
ശ്രീ. രാജന്‍ പറഞ്ഞതു പോലെ എന്തേ ഇതുവരെ ഈ വഴി വന്നീല....നല്ലതു നാമെന്നും കാണാറില്യാലോ അല്ലേ????
എനിക്കു തോന്നുന്നത് (comments) ഇനി വന്നുകൊണ്ടേയിരിക്കും....
www.bliss-of-solitude.blogspot.com