2007, ഡിസംബര്‍ 26, ബുധനാഴ്ച

മുഖം


ആഘോഷങ്ങളുടെ വിരുന്നുകാലം‌‌‌. ഈദ്, ക്രിസ്തുമസ്...അങ്ങനെ എല്ലാം അടുത്തടുത്ത്‌‌.‌‌ദുബായിലെ ‌പ്രശസ്തമായ ഷോപ്പിങ് സെന്റര്‍‌. ഒന്നും വാങ്ങാന്‍ അല്ലെങ്കിലും വേറെ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഞാനും അവിടെ കയറി. ‌

സാധാരണ ഏതൊരു പെണ്ണിനേയും പോലെ വസ്ത്രങ്ങള്‍ എനിക്കും ഹരമാണ്‌‌.‌മാസം തീരാന്‍ ഇനി അധികം ദിവസങ്ങള്‍ ഇല്ല. പണത്തിന്റെ വില അറിഞ്ഞു തുടങ്ങിയിരിക്കുന്നു.‌ സ്ത്രീകള്‍‍ക്കായുള്ള വിഭാഗം മനപൂര്‍വ്വം ഒഴിവാക്കി, പുരുഷകേസരികള്‍ക്കായ് എന്തെല്ലാമുണ്ടെന്നു നോക്കാനായി അങ്ങോട്ടു ചെന്നു.‌ നല്ല തിരക്കുണ്ടായിരുന്നു. വിലക്കിഴിവ് പോലെ ആളുകളെ ആകര്‍ഷിക്കുന്ന ഒന്ന് വേറെ ഇല്ലല്ലൊ. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.

"ഓഫര്‍ പ്രൈസ്" എന്ന പേരില്‍ കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ക്കരികില്‍ ആണ് ഞാന്‍ ആ മുഖം കണ്ടത്. ക്ഷീണിച്ച മുഖം, മെലിഞ്ഞ ശരീരം, അയഞ്ഞതും നിറച്ചേര്‍ച്ച ഇല്ലാത്തതുമായ വസ്തധാരണം... ഈ കാലത്തിനുള്ളില്‍ ആവശ്യത്തിലധികം അധ്വാനിച്ചിട്ടുണ്ടെന്നു തോന്നി.‌ ആര്‍ഭാടങ്ങളുടെ ലോകത്ത് ഒരു തിരുത്തല്‍ പോലെ തോന്നിയതു കൊണ്ടാകാം എന്റെ ശ്രദ്ധയെ തിരിച്ചു വിളിക്കാന്‍ എനിക്കായില്ല.‌

അവര്‍ എന്തെല്ലാമോ എടുത്തുനോക്കുകയും വില കണക്കുകൂട്ടുകയും ചിലതൊക്കെ തിരികെ വെയ്ക്കുകയും ചെയ്യുന്നത് എനിക്കു കാണാമായിരുന്നു.‌ അവധിക്കു പോവുകയായിരിക്കും.‌ഗള്‍ഫിന്റെ സമ്പന്നതയും പ്രൌഢിയും പ്രതീക്ഷിച്ചു കാത്തിരിക്കുന്ന പ്രീയപ്പെട്ടവര്‍ക്കായി എന്തെല്ലാമോ വാങ്ങിച്ചു കൂട്ടുകയാണ്.‌ സ്വന്തമായി നല്ലൊരു വസ്ത്രം പോലും ഇല്ലാതെ ഈ മരുഭൂമിയില്‍ അവര്‍ ആര്‍ക്കു വേണ്ടിയാകും അധ്വാനിക്കുന്നത്??

പ്രീയപ്പെട്ടവരെ സംരക്ഷിക്കാന്‍ ഉരുകി ഇല്ലാതാകുന്ന ഒരു ജന്മം।‌ഒരോ പ്രവാസിയും അതു തന്നെ അല്ലേ? നാളെ എല്ലാം കഴിഞ്ഞ് നല്ലൊരു ജീവിതവും സ്വപ്നം കണ്ട് നാട്ടില്‍ എത്തുമ്പോള്‍ അവര്‍ക്ക് കൂട്ടിനുണ്ടാവുക ഒറ്റപ്പെട്ടവന്റെ വ്യഥകള്‍ മാത്രമാകും.‌പിന്നെ ചീര്‍ത്ത ഒരു ശരീരവും; അധ്വാനത്തിന്റെ അമിതഭാരം ലോകത്തിന്റെ കണ്ണില്‍ നിന്നും മറച്ചു പിടിക്കാന്‍ ഉള്ള മറയായ എല്ലിന്‍പുറത്തെ വെച്ചുകെട്ടലുകള്‍. എന്നാ‍ല്‍ അതുപോലുമില്ല ഞാന്‍ കണ്ട ഈ പ്രവാസിക്ക്.‌ ജീവിതത്തിന്റെ വേദനകള്‍ വിളിച്ചോതുന്ന രൂപം. എവിടെയൊക്കെയോ കഷ്ടപ്പെട്ട് കിട്ടുന്ന തുച്ഛമായ തുകയ്ക്കായി എത്ര പേരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കാത്തിരിയ്ക്കുന്നുണ്ടാകും.‌ സൂക്ഷിച്ചു നോക്കിയാല്‍ ആ കണ്ണുകളില്‍ തന്നെ എനിക്കു കാണാം പ്രതീക്ഷ നിറഞ്ഞ കുറെ മുഖങ്ങള്‍.



പെട്ടെന്ന് അവരുടെ നോട്ടം എന്നിലേക്ക് പാളി വീണു.‌ എന്നെ നോക്കി അവരൊന്നു ചിരിച്ചു. വിഷാദം നിറഞ്ഞതെങ്കിലും നിഷ്കളങ്കമായ ചിരി.‌ എന്തെല്ലാമോ ചിന്തിച്ചുനിന്നതുകൊണ്ടാകാം തിരിച്ചു ചിരിക്കാന്‍ ഞാന്‍ മറന്നു പോയി.‌അതോ എനിക്കു ചിരിക്കാന്‍ കഴിയാതെ പോയാതോ? ആലോചിച്ചു നില്‍ക്കെ അവര്‍ നടന്നകലുന്നതു കണ്ടു.‌കയ്യില്‍ കുറെ വസ്ത്രങ്ങളും.‌ഒരു നോവുപോലെ ആ മുഖം കുറെ നേരം കൂടി മനസ്സില്‍ തങ്ങി നിന്നു.‌


തിരികെ പോകാന്‍ ഇറങ്ങുമ്പോള്‍ ബില്ല് അടയ്ക്കുന്ന കൌണ്ടറില്‍ വീണ്ടും ഞാന്‍ അവരെ കണ്ടു। പണം തികയാത്തതു കൊണ്ടാകാം എന്തെല്ലാമോ കൌണ്ടറിനടുത്തു വെച്ചിട്ടുള്ള കുട്ടയില്‍ ഉപേക്ഷിക്കുന്നതും കണ്ടു. മനസ്സിലെ വേദനയുടെ ആഴം കൂടിയതായി തോന്നി.‌ പ്രവാസ ജീവിതത്തിന്റെ വേദനിപ്പിക്കുന്ന സത്യം‌!!!!!.




17 അഭിപ്രായ(ങ്ങള്‍):

ശ്രീ പറഞ്ഞു...

പ്രവാസിയുടെ ബുദ്ധിമുട്ടുകള്‍‌ ഓര്‍‌മ്മിപ്പിച്ചു. അന്യനാട്ടില്‍‌ ബന്ധുജനങ്ങള്‍‌ക്കു വേണ്ടി സ്വന്തം സുഖങ്ങളെ മാറ്റി വച്ച് അദ്ധ്വാനിയ്ക്കുന്ന എത്രയോ ജനങ്ങള്‍‌... നന്നായി, ഈ പോസ്റ്റ്.

(പാരഗ്രാഫ് തിരിച്ചെഴുതാമായിരുന്നു)

പുതുവത്സരാശംസകള്‍‌!
:)

കാവലാന്‍ പറഞ്ഞു...

"ക്ഷീണിച്ച മുഖം, മെലിഞ്ഞ ശരീരം, അയഞ്ഞതും നിറച്ചേര്‍ച്ച ഇല്ലാത്തതുമായ വസ്തധാരണം... ഈ കാലത്തിനുള്ളില്‍ ആവശ്യത്തിലധികം അധ്വാനിച്ചിട്ടുണ്ടെന്നു തോന്നി.‌

പണം തികയാത്തതു കൊണ്ടാകാം എന്തെല്ലാമോ കൌണ്ടറിനടുത്തു വെച്ചിട്ടുള്ള കുട്ടയില്‍ ഉപേക്ഷിക്കുന്നതും കണ്ടു."

ഇതാണു കാഴ്ച!
കവിക്കും,കലാകാരനും,കലാപകാരിക്കും മാത്രം വിധിച്ചിട്ടുള്ള കാഴ്ച.
ചിന്തയുടെ ഉമിക്കുന്നില്‍ വീഴുന്ന കനല്‍ക്കഷണങ്ങള്‍.
നന്നായിരിക്കുന്നു.
പ്രണയലേഖനം തൂവിയ മഞ്ഞെല്ലാമീചൂടില്‍ വറ്റിപ്പോയി.

കൂട്ടുകാരന്‍ പറഞ്ഞു...

ഒരു പ്രാവാസിയുടെ വ്യത്യസ്ത മുഖം...നന്നായിട്ടുണ്ട്..

അലി പറഞ്ഞു...

പ്രവാസിയുടെ ആരും കാണാതെപോവുന്ന മുഖം!
നന്നായി...അഭിനന്ദനങ്ങള്‍.

പുതുവത്സരാശംസകള്‍!

കണ്ണൂരാന്‍ - KANNURAN പറഞ്ഞു...

ഇത്തരം മുഖങ്ങള്‍ തിരിച്ചറിയുന്നുണ്ടല്ലൊ, നല്ല കാര്യം. ഒരു പക്ഷെ ഇത്തരം മുഖങ്ങളായിരിക്കും കൂടുതല്‍ ഉണ്ടാവുക, ചിലര്‍ക്കാ മുഖം മറച്ചു പിടിക്കാന്‍ സാധിക്കുന്നു അത്രമാത്രം.. നന്നായെഴുതി.. കീപ് ഇറ്റ് അപ്പ്..

ഉമ്പാച്ചി പറഞ്ഞു...

വര
ആരുടെ വകയാ ഷാരൂ..

കുഞ്ഞായി പറഞ്ഞു...

ജീവിക്കാന്‍ മറന്ന മനുഷ്യ ജന്മങ്ങള്‍...
വളരെ നന്നായി

AHAM പറഞ്ഞു...

പണം പണം... കിട്ടണം പണം...
പിണമായിക്കഴിയ വയ്യെനിക്കെന്നുമീ
പട്ടണത്തിലിനിയും!

കഷ്ടപ്പെടുന്നവര്‍ എല്ലായിറ്റത്തും സമമാണ്‌.
അവരെ മനസ്സിലാക്കുന്നവര്‍ മാത്രം സമമല്ല!

ഹരിശ്രീ പറഞ്ഞു...

പ്രവാസിയുടെ സന്തോഷകരമായ ഒരു മുഖം മാത്രമേ നാട്ടിലുള്ളവര്‍ കാണുന്നുള്ളൂ. ജീവിത്തിന്റെ ബുദ്ധിമുട്ടുകളുടെ,പ്രയാസങ്ങളുടെ, അദ്ധ്വാനത്തിന്റെ ഇങ്ങനെ ഒരു മുഖം കൂടിയുണ്ടെന്ന് ആരറിയുന്നു അല്ലേ?....

ഷാരൂ വിഷയം നന്നായി.

പുതുവത്സരാശംസകളോടെ...

ഹരിശ്രീ

Sharu.... പറഞ്ഞു...

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.....
കണ്ടിട്ട് കുറച്ചു ദിവസങ്ങള്‍ ആയെങ്കിലും ആ മുഖം മറക്കാന്‍ കഴിഞ്ഞില്ല ഇതുവരെ... ഇപ്പോഴും ആലോചിക്കുമ്പോള്‍ ഒരു വേദന ആണ് മനസ്സില്‍.
ആരും പുറമെ കാണീക്കാന്‍ ഇഷ്ടപ്പെടാത്ത പ്രവാസിയുടെ മുഖം. എല്ലാവര്‍ക്കും നന്ദി...:)

ഏ.ആര്‍. നജീം പറഞ്ഞു...

ഈ ഗള്‍ഫിലെ ഒരു സ്ഥിരം കാഴ്ചയാണ് ഇത്. പലരും കണ്ടിട്ടും സൗകര്യപൂര്‍‌വം മറക്കുന്നതും. ആ കഴ്ചയെ ഒരു പോസ്റ്റാക്കി ഇവിടെ അവതരിപ്പിച്ചത് ഷാരവിന്റെ നല്ല മനസിന്റെ ലക്ഷണമായി കരുതുന്നു.
നന്നായി..

Friendz4ever പറഞ്ഞു...

ജീവിക്കാന്‍ മറന്ന മനുഷ്യ ജന്മങ്ങള്‍...
വളരെ നന്നായി സ്വയം മനമുരുകുന്ന പ്രവാസിയുടെ ജീവിതം
വ്യത്യസ്തമായ ഒരു ശൈലി.അഭിനന്ദനങ്ങള്‍.

സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള്‍ ഉണ്ടാകട്ടെ..

ഇതില്‍ ക്ലിക്കൂ എല്ലാ സ്നേഹനിധികളായ സ്നേഹിതര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.!!

Arun Jose Francis പറഞ്ഞു...

പ്രവാസികളുടെ ഇടയില്‍ ആരും വളരെ അധികം ശ്രദ്ധിക്കാത്ത ഒരു മുഖം, അല്ലേ? നന്നായിട്ടുണ്ട്...

വാല്‍മീകി പറഞ്ഞു...

പ്രവാസ ജീവിതത്തിന്റെ വേദനിപ്പിക്കുന്ന സത്യം‌!
വേറൊന്നും പറയാനില്ല.

G.manu പറഞ്ഞു...

മങ്ങിയ കാഴ്ചകള്‍ കാണാനുള്ള കണ്ണുകള്‍ ഉണ്ടായല്ലോ... നന്ദി

നിരക്ഷരന്‍ പറഞ്ഞു...

വെറുമൊരു കാഴ്ച്ച്യ്ക്കപ്പുറം മറ്റെന്തൊക്കെയോകൂടെ ഷാരു കണ്ടല്ലോ.
നന്നായി.

maheshcheruthana/മഹേഷ്‌ ചെറുതന പറഞ്ഞു...

പ്രവാസികളുടെ ജീവിത വഴികളില്‍ എന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നു!
എന്തായാലും മനസ്സില്‍ ഒരു നോവുപടര്‍ത്താന്‍ ഇതിനു കഴിഞ്ഞു ഇനിയും എഴുതുക !
"ഹൃദ്യമായ പുതുവല്‍സര ആശംസകള്‍"