2007, ഡിസംബര്‍ 31, തിങ്കളാഴ്ച

മനസ്സേ നിന്നോട്.....


മനസ്സേ നീ പറയുകെന്നോട്

മൂടിക്കെട്ടിയൊരാകാശം കണക്കെ

എത്രനേരമായ് നീ നില്പൂ

ഒന്നുമുരിയാടാതെ ജഡം പോല്‍

വേറിട്ടെന്നില്‍നിന്നകന്നു നീ

പോകവേ ഞാനറിവൂ

നീയെനിക്കന്യയാകുന്നതും

പിന്നെയറച്ചുമാറുന്നതും

അരുതാത്തതെന്തോ ചെയ്തത്

ഞാനറിഞ്ഞാശിച്ചിട്ടെന്ന്

പറയുവാന്‍ നിനക്കാവുമോ

എന്‍‌ഹിതമറിയുന്നൊരെന്‍ തോഴീ

നിന്നെ കേള്‍ക്കാഞ്ഞതല്ല ഞാന്‍

കേട്ടിട്ടും കേള്‍ക്കാത്തപോല്‍ നടിച്ചതും

അപ്രിയമായതറിഞ്ഞു ചെയ്തതും

എന്നും തോല്‍‌വിയെ പുല്‍കുമെന്‍ ബലഹീനത

അര്‍ഹതയില്ലാ സ്വപ്നങ്ങളെ

പ്രാപിക്കാനെനിക്കാവുമെന്നോ

എന്‍ ദൌര്‍ബല്യമറിയുന്നവളായ്

നിനക്കാവില്ലതു ചൊല്ലുവാന്‍

പോകാനുണ്ടേറെ ദൂരമിനിയും

മുള്ളു നിറഞ്ഞ പാതകള്‍ താണ്ടി

കാത്തിരിക്കും കയ്പുനീരിനെ

ദാഹജലമായ് കുടിച്ചിടേണം

കടമകള്‍ തീര്‍ക്കാനുണ്ടേറേ

പാലിക്കാന്‍ വാഗ്ദാനങ്ങളും

ജീവിതമാം സമരവീഥിയില്‍

ആശകള്‍ക്കിടമില്ല തെല്ലും

അറികനീയെന്നെ നന്നായ്

അറിഞ്ഞതിനൊക്കെയും മേലെയായ്

പെയ്തൊഴിഞ്ഞു വരികയെന്നില്‍

സമന്വയിക്കൂ‍ നിതാന്തമായ്





2007, ഡിസംബര്‍ 26, ബുധനാഴ്ച

മുഖം


ആഘോഷങ്ങളുടെ വിരുന്നുകാലം‌‌‌. ഈദ്, ക്രിസ്തുമസ്...അങ്ങനെ എല്ലാം അടുത്തടുത്ത്‌‌.‌‌ദുബായിലെ ‌പ്രശസ്തമായ ഷോപ്പിങ് സെന്റര്‍‌. ഒന്നും വാങ്ങാന്‍ അല്ലെങ്കിലും വേറെ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഞാനും അവിടെ കയറി. ‌

സാധാരണ ഏതൊരു പെണ്ണിനേയും പോലെ വസ്ത്രങ്ങള്‍ എനിക്കും ഹരമാണ്‌‌.‌മാസം തീരാന്‍ ഇനി അധികം ദിവസങ്ങള്‍ ഇല്ല. പണത്തിന്റെ വില അറിഞ്ഞു തുടങ്ങിയിരിക്കുന്നു.‌ സ്ത്രീകള്‍‍ക്കായുള്ള വിഭാഗം മനപൂര്‍വ്വം ഒഴിവാക്കി, പുരുഷകേസരികള്‍ക്കായ് എന്തെല്ലാമുണ്ടെന്നു നോക്കാനായി അങ്ങോട്ടു ചെന്നു.‌ നല്ല തിരക്കുണ്ടായിരുന്നു. വിലക്കിഴിവ് പോലെ ആളുകളെ ആകര്‍ഷിക്കുന്ന ഒന്ന് വേറെ ഇല്ലല്ലൊ. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.

"ഓഫര്‍ പ്രൈസ്" എന്ന പേരില്‍ കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ക്കരികില്‍ ആണ് ഞാന്‍ ആ മുഖം കണ്ടത്. ക്ഷീണിച്ച മുഖം, മെലിഞ്ഞ ശരീരം, അയഞ്ഞതും നിറച്ചേര്‍ച്ച ഇല്ലാത്തതുമായ വസ്തധാരണം... ഈ കാലത്തിനുള്ളില്‍ ആവശ്യത്തിലധികം അധ്വാനിച്ചിട്ടുണ്ടെന്നു തോന്നി.‌ ആര്‍ഭാടങ്ങളുടെ ലോകത്ത് ഒരു തിരുത്തല്‍ പോലെ തോന്നിയതു കൊണ്ടാകാം എന്റെ ശ്രദ്ധയെ തിരിച്ചു വിളിക്കാന്‍ എനിക്കായില്ല.‌

അവര്‍ എന്തെല്ലാമോ എടുത്തുനോക്കുകയും വില കണക്കുകൂട്ടുകയും ചിലതൊക്കെ തിരികെ വെയ്ക്കുകയും ചെയ്യുന്നത് എനിക്കു കാണാമായിരുന്നു.‌ അവധിക്കു പോവുകയായിരിക്കും.‌ഗള്‍ഫിന്റെ സമ്പന്നതയും പ്രൌഢിയും പ്രതീക്ഷിച്ചു കാത്തിരിക്കുന്ന പ്രീയപ്പെട്ടവര്‍ക്കായി എന്തെല്ലാമോ വാങ്ങിച്ചു കൂട്ടുകയാണ്.‌ സ്വന്തമായി നല്ലൊരു വസ്ത്രം പോലും ഇല്ലാതെ ഈ മരുഭൂമിയില്‍ അവര്‍ ആര്‍ക്കു വേണ്ടിയാകും അധ്വാനിക്കുന്നത്??

പ്രീയപ്പെട്ടവരെ സംരക്ഷിക്കാന്‍ ഉരുകി ഇല്ലാതാകുന്ന ഒരു ജന്മം।‌ഒരോ പ്രവാസിയും അതു തന്നെ അല്ലേ? നാളെ എല്ലാം കഴിഞ്ഞ് നല്ലൊരു ജീവിതവും സ്വപ്നം കണ്ട് നാട്ടില്‍ എത്തുമ്പോള്‍ അവര്‍ക്ക് കൂട്ടിനുണ്ടാവുക ഒറ്റപ്പെട്ടവന്റെ വ്യഥകള്‍ മാത്രമാകും.‌പിന്നെ ചീര്‍ത്ത ഒരു ശരീരവും; അധ്വാനത്തിന്റെ അമിതഭാരം ലോകത്തിന്റെ കണ്ണില്‍ നിന്നും മറച്ചു പിടിക്കാന്‍ ഉള്ള മറയായ എല്ലിന്‍പുറത്തെ വെച്ചുകെട്ടലുകള്‍. എന്നാ‍ല്‍ അതുപോലുമില്ല ഞാന്‍ കണ്ട ഈ പ്രവാസിക്ക്.‌ ജീവിതത്തിന്റെ വേദനകള്‍ വിളിച്ചോതുന്ന രൂപം. എവിടെയൊക്കെയോ കഷ്ടപ്പെട്ട് കിട്ടുന്ന തുച്ഛമായ തുകയ്ക്കായി എത്ര പേരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കാത്തിരിയ്ക്കുന്നുണ്ടാകും.‌ സൂക്ഷിച്ചു നോക്കിയാല്‍ ആ കണ്ണുകളില്‍ തന്നെ എനിക്കു കാണാം പ്രതീക്ഷ നിറഞ്ഞ കുറെ മുഖങ്ങള്‍.



പെട്ടെന്ന് അവരുടെ നോട്ടം എന്നിലേക്ക് പാളി വീണു.‌ എന്നെ നോക്കി അവരൊന്നു ചിരിച്ചു. വിഷാദം നിറഞ്ഞതെങ്കിലും നിഷ്കളങ്കമായ ചിരി.‌ എന്തെല്ലാമോ ചിന്തിച്ചുനിന്നതുകൊണ്ടാകാം തിരിച്ചു ചിരിക്കാന്‍ ഞാന്‍ മറന്നു പോയി.‌അതോ എനിക്കു ചിരിക്കാന്‍ കഴിയാതെ പോയാതോ? ആലോചിച്ചു നില്‍ക്കെ അവര്‍ നടന്നകലുന്നതു കണ്ടു.‌കയ്യില്‍ കുറെ വസ്ത്രങ്ങളും.‌ഒരു നോവുപോലെ ആ മുഖം കുറെ നേരം കൂടി മനസ്സില്‍ തങ്ങി നിന്നു.‌


തിരികെ പോകാന്‍ ഇറങ്ങുമ്പോള്‍ ബില്ല് അടയ്ക്കുന്ന കൌണ്ടറില്‍ വീണ്ടും ഞാന്‍ അവരെ കണ്ടു। പണം തികയാത്തതു കൊണ്ടാകാം എന്തെല്ലാമോ കൌണ്ടറിനടുത്തു വെച്ചിട്ടുള്ള കുട്ടയില്‍ ഉപേക്ഷിക്കുന്നതും കണ്ടു. മനസ്സിലെ വേദനയുടെ ആഴം കൂടിയതായി തോന്നി.‌ പ്രവാസ ജീവിതത്തിന്റെ വേദനിപ്പിക്കുന്ന സത്യം‌!!!!!.




2007, ഡിസംബര്‍ 25, ചൊവ്വാഴ്ച

പ്രണയലേഖനം


എന്റെ സ്വന്തം .......... ന്,

എനിക്ക് നീ ആരാണ്...??? ഒരായിരം‌പ്രാവശ്യമെങ്കിലും ഞാന്‍ എന്നോട് ചോദിച്ച ചോദ്യം... ഒരു വാക്കില്‍ ഒരു ഉത്തരം എനിക്ക് അസാധ്യമാ‍ണ്.‌ എ‌ന്റെ കൂട്ടുകാരന്‍? ഇല്ല; അതു മതിയാകില്ല. അനേകരില്‍ ഒരാള്‍ അല്ല നീ.‌ മറ്റൊരാള്‍ക്കും നീ ആകാന്‍ കഴിയില്ല... നിനക്ക് പകരം നില്‍ക്കാന്‍ എന്നല്ല, നിന്റെ അസാന്നിധ്യത്തില്‍ ഒരു ആശ്വാസമാകാന്‍ കൂടി മറ്റൊരാള്‍ക്കും കഴിയുന്നില്ലെന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ആകില്ല.‌‌
നരച്ചു മരവിച്ച ഒരു മനസ്സുമായി ഞാന്‍ ഇവിടെ എത്തുമ്പോള്‍ എനിക്കായ് ഒരു വസന്തം കാത്തിരിക്കുന്നുവെന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചില്ല.‌‌ചിറകില്‍ അനേകം വര്‍ണ്ണങ്ങള്‍ പേറുന്ന ഒരു ചിത്രശലഭത്തെപ്പോലെ സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാന്‍ നീ എന്നില്‍ എന്ത് ഇന്ദ്രജാലമാണ് ചെയ്തത്. ഒന്നും എനിക്കറിയില്ല. അറിയുന്നതൊന്നു മാത്രം... നീ എനിക്കെല്ലാമാണ്, എല്ലാമെല്ലാം...എന്റെ മനസ്സിലെ സ്വപ്നങ്ങളും പ്രതീക്ഷകളും നിന്നെ കുറിച്ചു മാത്രം। നീ ഇല്ലാതെ എനിക്കൊന്നും ഇല്ല.‌‌നീ ഇല്ലെങ്കില്‍ എന്റെ ലോകം ശൂന്യമാണ്‌.‌എനിക്കു പൂര്‍ണ്ണത നിന്നില്‍ മാ‍ത്രം। നടന്നുവന്ന വഴികളില്‍ എന്നും ഞാന്‍ ഏകയായിരുന്നു. ഞാന്‍ കാത്തിരിക്കുകയായിരുന്നു... ഒരു കൂട്ടിനായ്.നൊമ്പരങ്ങളുടെ കാലം കഴിഞ്ഞെന്നു ഞാന്‍ വിശ്വസിച്ചോട്ടെ? കാത്തിരുന്ന പ്രണയകാലം... പ്രണയപൂക്കള്‍ വിരിയുന്ന വസന്തകാലം ഇതല്ലേ? ഉറക്കം മരിക്കാത്ത രാത്രികളില്‍ സ്വപ്നങ്ങള്‍ കുളിര്‍മഴയായ് പെയ്തിറങ്ങട്ടെ॥മഴവില്ലു വിരിയുന്ന താഴ്വാരങ്ങളും‍ പ്രണയമൊഴുകുന്ന നീലത്തടാകങ്ങളും കടന്ന് നമുക്ക് മാലാഖമാരുടെയും നക്ഷത്രങ്ങളുടെയും നാട്ടിലെത്താം. മാലാഖമാരെ സാക്ഷിയാക്കി അവിടെ വെച്ച് നമുക്കൊന്നാകാം; സ്നേഹത്തിന്റെ പ്രകാശം പൊഴിക്കുന്ന രണ്ടു നക്ഷത്രങ്ങളായ് നീണ്ട യുഗങ്ങള്‍ പിന്നിടാം...

നിനക്കായ് മനസ്സില്‍ എഴുതിക്കൂട്ടിയ എന്റെ പ്രണയം...പെയ്തൊഴിഞ്ഞ നൊമ്പരങ്ങള്‍ സാക്ഷിയായി നിനക്കു തന്നെ സമര്‍പ്പിക്കുന്നു.

ഒരുപാട് ഒരുപാട് സ്നേഹത്തോടെ നിന്റെ മാത്രം...

2007, ഡിസംബര്‍ 12, ബുധനാഴ്ച

തെരുവിലെ ദേവദാസി


ഇന്നു നീ എന്നോട് ചോദിക്കുമെന്നു ഞാന്‍ ആശിച്ചു

ഞാനെന്തേയിങ്ങനെ ആയി എന്ന്

ഒരുപാടുത്തരങ്ങളുമായി കാത്തിരിക്കുകയായിരുന്നു

നിനക്കെവിടെ നേരം; തിടുക്കമല്ലേ

മാംസത്തെ പ്രാപിക്കാന്‍ വരുന്നവന്റെ പാപബോധം

പകലിന്റെ മുന്നിലെ മിഥ്യയായ അഭിമാനം

എന്നെ തിരിച്ചറിഞ്ഞില്ലെന്നു നീ നടിച്ചു

അവിടെയും നീയൊരു പരാജയം

എന്നെ നിനക്കറിയാം മറ്റാരെക്കാളും

ആദ്യ കാമിനിയെ എങ്ങിനെ മറക്കാന്‍

അന്നൊരിക്കലാദ്യമായ് പ്രണയമെന്ന നാട്യത്തില്‍

നീയെന്നെ പുല്‌കുമ്പോള്‍ ഞാനറിഞ്ഞില്ല

കാമത്തിനെന്നും ഒരു മുഖം മാത്രമെന്ന്

പ്രാപിക്കുന്നവരും പ്രാപിക്കപ്പെടുന്നവളും

ഇരുട്ടിന്റെ പാരമ്യത്തില്‍ കാണുന്ന പാപത്തിന്റെ മുഖം

പിന്നെയെന്നോ ഒരുമിച്ചു നടന്ന വഴികള്‍

നിനക്കന്യമാകുമ്പോഴും ഞാനേറെ കാത്തു

വന്നില്ല; വന്നത് കാമം പൊതിഞ്ഞ കണ്ണുകള്‍

അവ പലവുരു പിന്നെയും തേടിയെത്തി

പ്രണയം പണത്തിനു വഴി മാറി

കാമം സ്ഥായിയായി തുടര്‍ച്ച നേടി

വേശ്യാത്തെരുവിന്റെ വിഴുപ്പുമായി

ഇരുട്ടു കനം വെച്ച മുറിയില്‍

മടിശ്ശീലക്കനംനോക്കി മാംസത്തിനു വിലപേശി

മാറി മാറി വരുന്ന വിയര്‍പ്പുഗന്ധത്തില്‍

കാമത്തിനു മറ്റൊരു മുഖം തേടി

ഇന്നു നിനക്കു പറയാന്‍ പ്രണയത്തിന്റെ ജല്പനങ്ങളില്ല

പ്രണയാഗ്നിയില്‍ തുടുത്ത മുഖശോഭയില്ല

മരണത്തിന്റെ വിളറിയ മുഖവും കനം തൂങ്ങുന്ന കണ്ണുകളുമായി

നീ തേടിയെത്തിയതെന്നെയല്ല

മറിച്ച് മാംസനിബദ്ധമാം കാമം മാത്രം

എനിക്കിനി സഞ്ചരിക്കാന്‍ വഴികളില്ല

നിനക്കു തേടാന്‍ ദേഹങ്ങളും

നിന്നില്‍ തുടങ്ങിയതൊക്കെയും നിന്നില്‍ തീരട്ടെ

കാമത്തിന്റെ മുഖം പാപമായ് തുടരട്ടെ

നമുക്കിനി വെളിച്ചത്തെ സ്നേഹിക്കാം

അഗ്നിയില്‍ ശുദ്ധിനേടി അതില്‍ തന്നെ ഒടുങ്ങാം

2007, ഡിസംബര്‍ 11, ചൊവ്വാഴ്ച

ശരശയ്യ


പറഞ്ഞു തീരാത്തൊരു ക‍ഥപോലെ

നീളുകയാണെന്റെ വ്യര്‍ഥജന്മം

ആശിച്ചു ജീവന്‍ വെടിയാനെനിക്കായെങ്കില്‍

എന്നു ഞാന്‍ നിര്‍വാണം പൂകിയേനെ

കണ്ണെത്തും കോണിലെനിക്കെത്താനാകാതെ

ആശിച്ചതൊന്നിനും ആവതുമില്ലാതെ

എനിക്കെത്രനാളിനിയിങ്ങനെ ശയ്യയില്‍

കാലനിറഭേദങ്ങളില്ലാത്ത ജീവിതം

പാറിപ്പറക്കുന്ന ശലഭത്തിനെപ്പോല്‍

ആടിത്തിമിര്‍ത്തു ഞാനൊരുനാളിലീ ഭൂവില്‍

ചിറകറ്റു വീണൊരു പുഴുവായി മാറുവാന്‍

നിമിഷങ്ങള്‍ പോലുമെടുത്തില്ലെന്നറിവുഞാന്‍

അറിയുന്നു; കാണുന്നു കണ്മുന്നിലേവതും

ആവില്ലെനിക്കതു നിങ്ങളോടോതുവാന്‍

പ്രകടമാം ഭാവഭേദങ്ങളെനിക്കനിക്കന്യം

ഭാഷകള്‍ എന്‍ മുന്നില്‍ നിസ്സഹായര്‍

നാമെല്ലാമൊന്നിച്ചാസ്വദിച്ചൊരാ നാളുകള്‍

ഓര്‍മ്മകളിലെന്നുമെനിക്കു സ്വന്തം

അതിലെന്നുമെന്‍ കൂടെ നിങ്ങളെല്ലാവരും

കഴിഞ്ഞകാലത്തിന്‍ പുനര്‍ജന്മം പോലെ

നിറമുള്ളോരോര്‍മ്മതന്‍ സ്വപ്നക്കൂടൊരുക്കി ഞാന്‍

നിനവുകളോരോന്നായ് നെയ്തു കൂട്ടാം

ഒരുനാളിലെപ്പോഴോ മരണം വരുംവരെ

മൌനത്തിന്‍ ഭാഷയില്‍ സംവദിക്കാം.

എന്നോ ഒരുനിമിഷത്തിന്റെ തോന്നലില്‍ ചെയ്തു പോയ തെറ്റിനു പകരമായ്
ഒന്നും ആരോടും പറയാന്‍ ആകാതെ ഒന്നിനും ആകാതെ ഇന്നും നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിക്കുന്ന എന്റെ സ്വന്തം കൂട്ടുകാരിക്കു വേണ്ടി...... ആയിരം കാതങ്ങള്‍ അകലെ ആണെങ്കിലും നിന്റെ മനസ്സ് വായിക്കാന്‍ എനിക്ക് കഴിയുന്നു...നിനക്ക് വേണ്ടി സംസാരിക്കാന്‍ എനിക്കായെങ്കില്‍..... അതേ ഇന്ന് എനിക്കു കഴിയൂ‍....

2007, ഡിസംബര്‍ 9, ഞായറാഴ്ച

ആദ്യപ്രണയം


മയില്‍പീലിത്തുണ്ട് പോല്‍ രഹസ്യമായ് സൂക്ഷിച്ച പ്രണയം

മഴവില്ലു പോല്‍ നിറവാര്‍ന്നൊരെന്‍ ആദ്യ പ്രണയം

ആരോരുമറിയാതെ നീ പോലുമറിയാതെ

ഉള്ളിന്റെ ഉള്ളിലെ സുഖമാര്‍ന്ന നോവുപോലെന്‍ പ്രണയം

നോട്ടുപുസ്തകത്താ‍ളില്‍ കുത്തിക്കുറിച്ചിട്ട പ്രണയക്കുറിപ്പുകള്‍

മുറിവേറ്റ കിളി പോലെ പിടയുന്ന മനസ്സുമായ്

ശ്രമിച്ചേറെയെങ്കിലും കഴിഞ്ഞില്ല നല്‍കുവാന്‍

ഒരിക്കലും നല്‍കാന്‍ കഴിയാതെ പോയൊരെന്‍ മനസ്സുപോലെ

ഇന്നും ശേഷിപ്പൂ ഒരുപാടക്ഷരത്തെറ്റുകള്‍ക്കിടയിലും

തെളിവോടെ നില്‍ക്കുമൊരാത്മാവിന്‍ കുറിപ്പുകള്‍

ഒരുനാളില്‍ അഞ്ജാതസുന്ദരനയനങ്ങളെന്നു നീ

ആരെ കുറിച്ചോ വാചാലനാകവേ

നിറകണ്ണാല്‍ ചിരിച്ചതെല്ലാം മറച്ചതും

പിന്നെയതെല്ലാം മറന്നെന്നു നടിച്ചതും

ഇന്നലെയെന്നപോല്‍ ഞാനിന്നുമോര്‍ക്കുന്നു

എല്ലാം മായ്ക്കുന്ന കാലത്തിന്‍ കൈകള്‍ക്ക്

കഴിയാതെ പോയവയ്ക്കിടയിലിന്നും

കാലപ്പഴക്കത്താല്‍ നിറം മങ്ങിപ്പോകാതെ

ആദ്യപ്രണയത്തിന്‍ ഒര്‍മ്മക്കുറിപ്പുകള്‍







പ്രവാസവും സ്വപ്നഭൂമിയും


നിറഞ്ഞ കണ്ണുകളോട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ആകാശയാത്രയുടെ മോഹനസ്വപ്നവുമായി അല്പനേരം ഭൂമിയില്‍

ആയിരം കൌതുകങ്ങളുമായി ആകാശചിറകില്‍ പറക്കാന്‍

വിരസത മാത്രം സമ്മാനിച്ചതിന്റെ പരാതി ആരോടു പറയാന്‍

സ്വപ്നഭൂമിയുടെ മടിത്തട്ടിലേക്ക് പറന്നിറങ്ങുന്ന നിമിഷം

മനസ്സില്‍ അതിരില്ലാ പ്രതീക്ഷകളുടെ വേലിയേറ്റം

ആദ്യകാല്‍ വെയ്പ് ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍

മനസ്സാദ്യം പൊള്ളി; ഞാന്‍ ആശിച്ചതിങ്ങനെയോ

തൊഴിലന്വേഷണങ്ങളുടെ ദിനരാത്രങ്ങള്‍

അനന്തമാം മരുഭൂമി പോലെ നീളുന്നയാത്രകള്‍

അര്‍ഥശൂന്യമായ അഭിമുഖപരീക്ഷകള്‍...

വിലകുറഞ്ഞ വിലപേശലുകള്‍ക്കൊടുവില്‍

കരാറില്‍ നല്‍കി പണയമായ് രണ്ടുവര്‍ഷങ്ങളും

സ്വപ്നഭൂമിതന്‍ മറുമുഖം, യാന്ത്രികമാം ജീവിതം

മണലാരണ്യത്തിന്റെ ചൂടില്‍ മനസ്സില്‍ തുലാവര്‍ഷം മറയുന്നു

മരംകോച്ചുന്ന തണുപ്പില്‍ അമ്മതന്‍ മാറിലെ ചൂടിനായ് കൊതിച്ചു

സ്വപ്നങ്ങള്‍ക്ക് പോലും സമയം കല്‍പ്പിച്ച് ഞാനും കഴിയുന്നു...

ലക്ഷങ്ങളിലൊന്നാം പ്രവാസിയായി.






2007, ഡിസംബര്‍ 6, വ്യാഴാഴ്ച

ജനനത്തിനും മുന്നേ ഒരു മരണം




സിരകളിലൂടെ മരുന്നുകള്‍ പ്രവഹിക്കുകയാണ്
മയക്കം എന്നെ തേടിയെത്തുന്നു...

ഉണരുമ്പോള്‍ നീ എന്നെ വിട്ടകന്നിട്ടുണ്ടാകും

നമ്മള്‍ ആശിക്കാത്ത വേര്‍പാട്

നിന്റെ പാല്‍ പുഞ്ചിരി എനിക്ക് കാണാം

ആര്‍ദ്രമായി എനിക്ക് നിന്നെ തലോടാം

കാലം എന്ന ഇന്ദ്രജാലക്കാരന്‍ വന്നെത്തും

ഞാന്‍ നിന്നെ മറന്നേക്കും...നിനക്കാവില്ല...

നീ കാലത്തിനും അതീതനാകും...

മരണം മണക്കുന്ന മുറിയില്‍

ഓര്‍മ്മകള്‍ അരിച്ചിറങ്ങുന്നു

അബോധാവസ്ഥയുടെ ഇങ്ങേയറ്റം

പിറവിക്കു പിന്നാലെയെന്നപോല്‍ നീ കരയുന്നു...

ഞാന്‍ അറിയുന്നു നിന്‍ രോദനം മരണത്തിനു മുന്നേയെന്നും
മനസ്സിനും ശരീരത്തിനും മുറിപ്പാട് മാത്രം തന്നു

നീ എനിക്കു മുന്നേ നടന്നു...

അവിടെ നിനക്കു സസുഖം വാഴാം

കൊത്തിനുറുക്കപ്പെട്ട ശരീരം നിന്നെ വേദനിപ്പിക്കില്ലെങ്കില്‍

രക്തം കിനിയുന്ന മുറിപ്പാടുമായി ഞാന്‍ മാത്രം

മരവിച്ച മനസ്സും മുറിവേറ്റ ശരീരവും

ജനിക്കാതെ മരിച്ച മകനായി നീ ജീവിക്കും എന്റെ മനസ്സില്‍

കാലം ഇന്ദ്രജാലം കാട്ടും നാള്‍ വരെ.......

2007, ഡിസംബര്‍ 5, ബുധനാഴ്ച

നിന്നെ ഞാന്‍ സ്നേഹിക്കുന്നു


നിന്നെ അറിയാന്‍ നിന്റെ സ്നേഹം അറിയാന്‍.......

ഞാന്‍ ഏറെ വൈകിയെന്നോ....

അറിയാതെ പോയതല്ലെന്ന് ഞാന്‍

എങ്ങിനെ നിന്നോട് പറയാന്‍....

നിന്റെ സ്നേഹത്തിനും ആഴമേറും

നിസ്സഹായാവസ്ഥ ഞന്‍ അറിഞ്ഞിടേണം

എന്തെന്നാല്‍ എന്നേക്കാള്‍

നിന്നെ ഞാന്‍ സ്നേഹിക്കുന്നു.