ഇതും ദുബായില്‍ ഞാന്‍ കണ്ട ഒരു മുഖം. ഇതില്‍ രണ്ട് മുഖങ്ങള്‍ ഉണ്ടെങ്കില്‍ കൂടി ഒന്നിനെ പ്രസക്തമാക്കുന്നത് അതിന്റെ അഭംഗിയാണ്. പുറമെയുള്ള അഭംഗിയല്ല... ചിന്താരീതിയുടെ.
ഇത്തവണ വേദി ദുബായ് ഗതാഗതവകുപ്പിന്റെ ബസ്സാണ്. അന്നും ഇന്നും ഇവിടെയുള്ള ബസ്സില്‍ മുന്നില്‍നിന്ന് രണ്ടാമത്തെ നിരയില്‍ മറ്റു സീറ്റുകളേക്കാള്‍ ഉയരത്തിലുള്ള സീറ്റില്‍ ഇരിക്കാനാണ് എനിക്കിഷ്ടം. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. അങ്ങനെ അന്നും എനിക്കിഷ്ടപ്പെട്ട ആ സീറ്റില്‍ തന്നെ ഞാന്‍ ഇരിപ്പുറപ്പിച്ചു. ഗതാഗതക്കുരുക്കൊക്കെ കഴിഞ്ഞ് എത്തണമെങ്കില്‍ കുറച്ചധികം സമയമെടുക്കും. ഇനിയുള്ള എന്റെ സമയം കാഴ്ചകള്‍ക്കും ചിന്തകള്‍ക്കുമുള്ളതാണ്.
അങ്ങനെ എന്തോ ചിന്തിച്ചിരുന്നപ്പോള്‍ ആണ് അടുത്ത സ്റ്റോപ്പില്‍ നിന്നും ഒരു സ്ത്രീ കയറുന്നത്. സാരിയാണ് വേഷം. അതുകൊണ്ടാണോ എന്നറിയില്ല എനിക്ക് പെട്ടെന്നു എന്റെ അമ്മയെയാണ് ഓര്‍മ്മ വന്നത്. അവര്‍ക്ക് ഒരു നാല്‍പ്പത്- നാല്പത്തിയഞ്ചിനടുത്ത് പ്രായം വരും. നല്ല ഐശ്വര്യമുള്ള മുഖം. എന്റെ ചിന്ത വിമാനം കയറി. അങ്ങനെ ഞാന്‍ പണചിലവില്ല്ലാതെ നാട്ടിലേക്കെത്തിക്കൊണ്ടിരിക്കെ കഥാനായികയുടെ വരവായി. ചുരിദാറാണ് വേഷം. പ്രായം അന്‍പതില്‍ കുറയില്ല. പ്രായത്തിന് ഒരുതരത്തിലും യോജിക്കാത്ത വേഷവിധാനങ്ങള്‍. ചുണ്ടില്‍ ചായം, ഉയര്‍ത്തിക്കെട്ടിയ മുടി... അങ്ങനെ ആവശ്യത്തിലധികം കോപ്രായങ്ങള്‍ കാണിച്ചിട്ടുണ്ട് കക്ഷി. പക്ഷെ ഇതൊക്കെ കൂടി ആയപ്പോള്‍ പ്രായം എടുത്തുകാണിക്കുന്ന പോലെ ആയി എന്നു മാത്രം.
വന്നിരുന്നത് സാരിയുടുത്തിരിക്കുന്ന പാവം ചേച്ചിയുടെ അടുത്ത്. ഇരുന്നപാടെ ആ ബസ്സില്‍ എല്ലാവര്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ സംസാരം തുടങ്ങി. മലയാളി തന്നെ. സന്തോഷം!!! പരിചയപ്പെടല്‍ ആണ് നടക്കുന്നത്. മനപ്പൂര്‍വ്വം ശ്രദ്ധിക്കാതിരുന്നിട്ടുകൂടി എല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പ്രഭാഷണം അത്രയ്ക്കു വ്യക്തം. സാരി- ചേച്ചി സ്വരം താഴ്ത്തിയാണ് പറയുന്നതെങ്കില്‍ കൂടി തൊട്ട് പുറകില്‍ ഇരിക്കുന്നതിനാല്‍ എനിക്കു നന്നായി കേള്‍ക്കാമായിരുന്നു.
രണ്ടുപേരും പ്രവാസികളിലെഅടിസ്ഥാന വര്‍ഗ്ഗം. വീട്ടുജോലിക്കാര്‍. ജോലിയുടെയും യാത്രയുടെയും ബുദ്ധിമുട്ടുകളെ കുറിച്ചാണ് പറയുന്നത്. നല്ലത് തന്നെ....ആരുമല്ലെങ്കിലും പറയാന്‍ അവര്‍ക്ക് പൊതുവായ ചില കാര്യങ്ങള്‍ ഉണ്ടല്ലൊ. ബസ്സിലെ യാത്രയില്‍ ഇത്തരം ചങ്ങാത്തങ്ങള്‍ നല്ലതാണ് ഒരു പരിധി വരെ.
സംസാരം തുടരുകയാണ്. കേട്ടതില്‍ നിന്ന്... സാരി ചേച്ചി വന്നിട്ട് മൂന്നു മാസങ്ങളെ ആയിട്ടുള്ളു. ആദ്യത്തെ വരവാണ്. നാട്ടില്‍ നിന്ന് കടവും മേടിച്ച് ജീവിതം പച്ചപിടിപ്പിക്കാന്‍ വന്ന സാധാരണ പ്രവാസി. നാട്ടില്‍ ഭര്‍ത്താവും കുട്ടികളും. ഭര്‍ത്താവ് നല്ലവനെങ്കിലും വരുമാനം കുറവാണ്. പണമില്ലാത്തതിനാല്‍ വീടുപണി പകുതി ആയപ്പോള്‍ നിര്‍ത്തേണ്ടി വന്നു. ഇനിയെല്ലാം ശരിയാക്കണം. മകളെ കല്യാണം ചെയ്തയക്കണം. മകനെ എങ്ങനെ എങ്കിലും ഇവിടെ കൊണ്ടുവരണം. ഇതിനൊക്കെ മുന്‍പ് കടങ്ങള്‍ തീര്‍ക്കണം. പിന്നെ നാട്ടില്‍ പോയി മനസ്സമാധാനത്തോടെ ജീവിക്കണം. ഏതൊരു പ്രവാസിയുടെയും സ്വപ്നങ്ങള്‍.
അടുത്തത് ചുരിദാര്‍ ചേച്ചിയുടെ വിവരണമാണ്. വന്നിട്ട് അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ആയി. ഇതിനിടയില്‍ പലതവണ പോയി വന്നു. പ്രസവാനന്തര ശുശ്രൂഷയില്‍ അഗ്രഗണ്യയാണ്. അതിലാണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടെ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും കുറച്ച് പരദൂഷണവും. രണ്ടോ മൂന്നോ ആഴ്ച മുന്‍പു മാത്രം ജനിച്ച ആ കുഞ്ഞ് എപ്പോഴും കരയുന്നു പോലും... (എങ്ങനെ കരയാതിരിക്കും? ഈ തിരുമുഖം അല്ലെ എന്നും കാണുന്നത്...അതിനു പോലും സഹിച്ചു കാണില്ല.)
ഞാന്‍ ഞെട്ടിയത് ഇതൊന്നും കേട്ടല്ല. സാരി- ചേച്ചിയോട് ചുരിദാര്‍ ചേച്ചി ഒരു ചോദ്യം. ആദ്യം കേട്ടാല്‍ തികച്ചും നിര്‍ദ്ദോഷകരമായ ചോദ്യം. “ആരുടെ കൂടെയാ താമസിക്കുന്നത്?” ...സാരി- ചേച്ചി ഉത്തരം പറഞ്ഞു... “കുറച്ചു കൂട്ടുകാരുടെ കൂടെ; ഞങ്ങള്‍ ഒരുമിച്ച് ഒരു മുറിയെടുത്തിട്ടുണ്ട്”
ഉടനെ അടുത്ത ചോദ്യം... “അതല്ല; ഇപ്പോ ആരുടെ കൂടെയാണ് കൂടിയിരിക്കുന്നതെന്ന്....?” സാരി ചേച്ചിയും കൂടെ ഞാനും ഒരുമിച്ചൊന്ന് ഞെട്ടി...
ചുരി- ചേച്ചി: “മനസ്സിലായില്ല അല്ലെ? ഇവിടിതൊക്കെ പതിവാ... ( ഏതൊക്കെ???ആര്‍ക്കറിയാം.) ഞാന്‍ തന്നെ ഈ അഞ്ചുവര്‍ഷമായി രണ്ടു പേരുടെ കൂടെയായിരുന്നു താമസിച്ചത്. ആദ്യം അവധി കഴിഞ്ഞു വന്നപ്പോഴേക്കും ആദ്യം താമസിച്ചയാളിന്റെ കൂടെ വേരൊരുത്തി താമസമായി. ഞാന്‍ പിന്നെ അടുത്തയാളെ നോക്കി. അല്ല പിന്നെ; ഇവിടെ ഇങ്ങനെ കഴിഞ്ഞിട്ടെന്താ കാര്യം? ഇപ്പോള്‍ ഉള്ളയാളും ഞാനും ഒരുമിച്ചാ അവധിക്കു പോകുന്നത്. ഒരു പ്രശ്നവുമില്ല. ശമ്പളം കയ്യിലിരിക്കും. ചെലവെല്ലാം അയാളു നോക്കിക്കോളും.... അല്ലാ വന്നിട്ട് മൂന്ന് മാസമായില്ലേ? ഇതൊന്നും വേണ്ടെ? ചെറുപ്പമല്ലെ? (ആരാണോ ചെറുപ്പം?) ആളെ വേണൊ? പറഞ്ഞാല്‍ മതി, ഫോണ്‍ നമ്പറും തന്നേക്ക്”
സാരി ചേച്ചി: “ എനിക്കൊന്നും വേണ്ട. എങ്ങനെ എങ്കിലും കടം തീര്‍ത്ത് നാടു പറ്റിയാല്‍ മതി. ജീവിക്കാനുള്ളതൊക്കെ ജീവിച്ചതാ... അതു മതി.... ഞാന്‍ ഇറങ്ങുവാ” ഇതും പറഞ്ഞ് സാരി ചേച്ചി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി ഒരു പോക്ക്. ഞാന്‍ അവരെ മനസ്സാ ഒന്ന് അഭിനന്ദിച്ചു. ഈ പ്രലോഭനത്തില്‍ വീണില്ലല്ലൊ. “നല്ല ഒരു അമ്മ” ...ഞാന്‍ മനസ്സില്‍ കരുതി.
ഞാന്‍ ചുറ്റും ഒന്ന് നോക്കി. എനിക്കിറങ്ങാന്‍ ഉള്ള സ്ഥലം ആയിട്ടില്ല. വെറുതെ ഒന്നു ചുരി- ചേച്ചിയെ നോക്കി. എവിടെയോ നോക്കിയിരുന്ന അവര്‍ പെട്ടെന്ന് തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു. എന്റെ അടുത്തേക്കുള്ള വരവാണ്. ഞാന്‍ ഇരുന്നു...ഒന്നും അറിയാത്തവളെ പോലെ... ഞാന്‍ ഈ നാട്ടുകാരിയേ അല്ലെന്ന മട്ടില്‍.
പുറത്തേക്ക് നോക്കി ഞാന്‍ ചിന്തിച്ചത് മറ്റൊന്നും ആയിരുന്നില്ല. പ്രവാസജീവിതത്തിന്റെ നാനാര്‍ത്ഥങ്ങളെ കുറിച്ച്. പ്രവാസിയുടെ ദു:ഖസത്യത്തെ നോക്കി പല്ലിളിക്കുന്ന മറ്റൊരു നഗ്നസത്യത്തെ കുറിച്ച്.....


33 അഭിപ്രായ(ങ്ങള്‍):
നന്നായി പറഞ്ഞിട്ടുണ്ട്... ഈ തീം രണ്ടുമൂന്നു കഥാപാത്രങ്ങളെ വച്ച്, കുറച്ചു നാടകീയത കലര്‍ത്തി പതിയെ ഡെവലപ്പ് ചെയ്തു കൊണ്ടു വന്നിരുന്നെങ്കില്‍ വളരെ നല്ലൊരു കഥയാക്കാമായിരുന്നു. കേട്ടറിഞ്ഞതു പോലെയല്ല, ഒരു സംഭവകഥ പോലെത്തന്നെ. നല്ല ഭാഷ കയ്യിലുള്ള സ്ഥിതിക്ക് അല്പം ഭാവന കൂടി ചിലവാക്കി ഒന്നു ശ്രമിച്ചൂടേ? :)
സ്ത്രിക്കു പാര സ്ത്രീയില്‍ നിന്നും തന്നെയാണല്ലെ ഷാരു.....??
പ്രയാസിയുടെ ഒരു പോസ്റ്റൂണ്ട് അതുകൂടെ ഒന്നു വായിച്ചു നോക്കു...
‘പൊതു ജനം പലവിധം‘
നല്ല അവതരണം
അവതരണരീതി നന്നായിരിക്കുന്നു ഷാരൂ..
പുതിയ പുതിയ തലത്തിലേയ്ക്ക് ഭാഷ പ്രയോജനപ്പെടുത്തുന്നൂ നല്ലത്,
പ്രവാസികളെ കുറിച്ച് ഇന്നലെ ഒരു പോസ്റ്റിട്ടിരുന്നൂ ദാ നോക്കൂ..
പ്രവാസിയുടെ നൊമ്പരങ്ങള്‍.!!
നല്ല കുറിപ്പ് ഷാരു.. വളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു.
വളരെ നന്നായിരിക്കുന്നു ഷാരൂ.
ഷാരു..
excellent post..
this is more than real as i know..but you tried to downplay the real message.. there is a big racket of mallus, who's main business is to "export" humans into this industry.
thanks for the post !
നിരീക്ഷണങ്ങള്‍........!
ഒരു മുഖം മറ്റൊരു മുഖത്തെ തുറന്ന കാഴ്ച്ചകള്‍.
ധീരമായി, സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.
ഇതു സത്യമോ!!!!? ഭാവനയെന്നു വിശ്വസിച്ചോട്ടെ!
:)
ഷാരൂ, യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും ഭാവനയെപ്പോലും ലജ്ജിപ്പിയ്‌ക്കുന്നു. ഇതു പോലെ എത്രയോ സംഭവങ്ങള്‍ നമ്മെ പലപ്പോഴായി ഞെട്ടിച്ചിട്ടുണ്ട്, ഇനിയെത്ര കാണാന്‍ കിടക്കുന്നു. നല്ല പോസ്റ്റ്. :)
പിന്നെ ഒരു ചെറിയ അക്ഷരപ്പിശകുണ്ടോ എന്നൊരു സംശയം. "......സംസാരം തുടരുകയാണ്. കേട്ടതില്‍ നിന്ന്. സാരി ചേച്ചി വന്നിട്ട് മൂന്നു മാസങ്ങളെ ആയിട്ടുള്ളു. ആദ്യത്തെ വരനാണ്." - ഇതില്‍ അവസാനത്തെ വാക്ക് - വരവാണ് എന്നല്ലേ ഉദ്ദേശിച്ചത്, അതോ വരനാണ് എന്നു തന്നെയാണോ ?
നല്ല ഒരു അനുഭവക്കുറിപ്പ് തന്നെ, ഷാരൂ...
അതിനു യോജിച്ച ചിത്രവും.
ഇതു പോലെ എത്ര മുഖങ്ങള്‍ അല്ലേ?
[പിന്നെ, ചെറിയ ഒരു തിരുത്ത്: ആദ്യത്തെ വരവാണ്‍ എന്നതിന് ആദ്യത്തെ വരനാണ് എന്നാണെഴുതിയിരിയ്ക്കുന്നത്. അതു കാരണം ആദ്യം ഒന്നു കണ്‍ഫ്യൂസായി]
ഷാരൂ..
കൊള്ളാം...
ചിത്രവും അനുയോജ്യം...
തുടരുക്..
Lath
:)
“അന്നും ഇന്നും ഇവിടെയുള്ള ബസ്സില്‍ മുന്നില്‍നിന്ന് രണ്ടാമത്തെ നിരയില്‍ മറ്റു സീറ്റുകളേക്കാള്‍ ഉയരത്തിലുള്ള സീറ്റില്‍ ഇരിക്കാനാണ് എനിക്കിഷ്ടം. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല.“
ഉണ്ടല്ലൊ..!
എന്നാലല്ലെ പുറത്തുള്ള എന്തേലും കാണാന്‍ പറ്റൂ..;)
ശ്രീ പറഞ്ഞ തെറ്റ് തിരുത്തീല്ലെ..!? ഉം..
വഴിപോക്കാ.. കുട്ട്യോളെ വഴി തെറ്റിക്കല്ലേ...
ഇത്തരം ചുരിദാറ് ചേച്ചിമാരെ എവിടേയും കാണാംല്ലേ...
നല്ല കുറിപ്പ്
രണ്ടുമുഖങ്ങള്‍ വായിച്ചു.. പിന്നെ തൂലികാസുഹ്യത്തും..
രണ്ടു മുഖങ്ങളില്‍ ആധുനികതയുടെ അരുതായ്മ വിവരിച്ചത് നന്നായിരിക്കുന്നു. സാഹചര്യങ്ങള്‍ ചീത്തയാക്കുന്നവരും, സാഹചര്യങ്ങളെ ചീത്തയാക്കുന്നവരും കൂടി ചീഞ്ഞു നാറുന്നതിന്റെ മണം. .. പ്രത്യാകിച്ച് ദുബായില്‍ കൂടുതലാണെന്ന് അറിയുന്നു
തൂലികാ സുഹ്യത്തിന്റെ അന്ത്യം ദുഖിപ്പിച്ചു..ആര്‍ക്ക് വേണ്ടി.. എന്തിനു വേണ്ടി ഇത്തരക്കാര്‍ ജനിച്ചു ? ജിവിച്ചു ? മരിച്ചു ?
ഗള്‍ഫ് ജീവിതത്തിന്റെ ഒരു മുഖം. നന്നായിരിക്കുന്നു.ഷാരു.
നല്ല കുറിപ്പ്...ചിത്രവും അനുയോജ്യം...
ചില പ്രേരണകള്‍ മനസിനെ ആഴത്തില്‍ ചിന്തിപ്പിച്ചുകൊണ്ടിരിക്കും...അത് നല്ലതോ ചീത്തയോ എന്ന് വേര്‍തിരിച്ചെടുക്കാന്‍ ചിലര്‍ക്ക് കഴിയാതാവുകയും ചെയ്തും...
ഇവിടെ ആരെയും കുറ്റപ്പെടുത്താനാവാതെ കുഴങ്ങുന്നു ഈ ദ്രൗപദി...
എഴുത്തിന്റെ തീഷ്ണത മനസിനെ പൊള്ളിക്കുന്നുണ്ട്..അതിനുമപ്പുറം വിഷയത്തിന്റെ കാഠിന്യം അനായാസമായി പറയാന്‍ തിരഞ്ഞെടുത്തു എന്നതാണ് ശ്രദ്ധേയം..
ഇവിടെ വാക്കുകള്‍ കടമെടുത്തവന്റെ നിസഹായതയല്ല...മറിച്ച് അനുഭവത്തിന്റെ കറുത്തപാടുകള്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഒരു മനസ് ശരീരത്തില്‍ നിന്ന് പുറത്തിട്ട പ്രതീതിയായാണ് തോന്നിയത്...
എഴുത്ത് തുടരുക..അനുഭവത്തിന്റെ പെയ്ത്താകുമ്പോള്‍ അത് ആരിലും ആഴത്തില്‍ അലിഞ്ഞുചേരും...
ആശംസകള്‍...
ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല..
നല്ല എഴുത്ത്, വൈകാരികത കൂറച് ചേര്‍ത്ത് കഥയാക്കിയിരുന്നെങ്കില്‍..
ആ ചിത്രവും രസായി
ഇവിടെ വന്നു വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി. തെറ്റ് തിരുത്തിയിട്ടുണ്ട്.
ഇത് ശരിക്കും നടന്നത് തന്നെയാണ്. ഇവിടെ ഇതൊക്കെ പതിവുകാഴ്ചകളും വാര്‍ത്തകളും... ആരും ചെവികൊടുക്കാറില്ലെന്ന് മാത്രം.. :)
ഷാരൂ,
നല്ല വിവരണം. ചിലസത്യങ്ങള്‍ നല്ലരീതിയില്‍ അവതരിപ്പിച്ചിരിയ്കുന്നു...
ആശംസകള്‍...
വളരെ നന്നായിരിക്കുന്നു ഷാരൂ.
അയല്‍പക്കത്തെ ഒരു സംഭവം അറിഞ്ഞതില്‍ പിന്നെയാണ് ഷാരുവിന്റെ കുറിപ്പ് വായിച്ചത്. ഇങ്ങനെയൊരു കഥാപാത്രത്തെ അവിടെനിന്ന് ഇന്നലെ ഇറക്കി വിട്ടു. അയല്‍ക്കാരനും ഭാര്യയും ജോലിക്ക് പോയ സമയം അവിടെ ഒരു സന്ദര്‍ശകനത്തെയെന്ന് ഹാരിസ് (ഇവിടെ ഞങ്ങള്‍ ഫ്‌ളാറ്റുകളുടെ സൂക്ഷിപ്പ് ചുമതലയുള്ള ജോലിക്കാരനെ വിളിക്കുന്ന പേര്) വിവരം നല്‍കിയതിനെ തുടര്‍ന്നായിരുന്നു അത്. ഭര്‍ത്താവിനേയും മക്കളേയും പോറ്റാന്‍ ഇങ്ങനെ കടല്‍കടന്നെത്തുന്നവരെ വലയിലാക്കാനും വേണ്ടാത്ത വഴിയിലെത്തിക്കാനും ധാരാളം ഇവിടെയുണ്ട്. അതൊരു ബിസിനസ് തന്നെ.
ഷാരുവിന്റെ കുറിപ്പ് ഉഗ്രനായി.
അഷ്റഫ്
ജിഹേഷിനിതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ലത്രേ !!
ഇതും ഇതിലപ്പുറവും നടക്കുന്ന സ്ഥലമാണ് ദുബായ്പ്പട്ടണം. ഫിലിപ്പൈന്‍സുകാര്‍ ഇവിടെ ഇതുപോലെയാണ് ജീവിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. അതും നാട്ടിലുള്ള ഭാര്യയുടെയും, എതിര്‍ കക്ഷിയുടെ ഭര്‍ത്താവിന്റേയും അറിവോടുകൂടെത്തന്നെ. മലയാളിയും ആ അവസ്ഥയിലെത്തിയെന്നറിഞ്ഞ് ലജ്ജിക്കുന്നു,പരിതപിക്കുന്നു.
ഷാരുവിന് അഭിനന്ദനങ്ങള്‍.
ദുബായീലെ മലയാളിയുടെ പുതിയ ജീവിതരീതികള്‍ പരിചയപ്പെടുത്തിയതിന്.
കണ്ണുകള്‍ തുറന്നു പിടിക്കൂ. കാതുകള്‍ കൂര്‍പ്പിച്ച് വെക്കൂ. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ഉണ്ടായിക്കൊണ്ടിരിക്കുന്ന രാജ്യത്ത് അതിലും/ഇതിലും വലിയ കാഴ്ച്ചകള്‍ ഒരുപാടുണ്ട്.
:(..kastham..
ജീവിതത്തിന്റെ ഒരു മുഖം. നന്നായിരിക്കുന്നു.and did you know how is the artist?
The art from great indian artist Mr.M.F.huzain
ഫിലിപ്പിനോസ് മാത്രം അല്ല... മലയാളികളും ഇത്തരം ജീവിതത്തിലേക്കിറങ്ങി കഴിഞ്ഞു. ഇത്തരം ബന്ധങ്ങള്‍ക്കു ദേശാന്തരങ്ങളുമില്ല. മലയാളികളും അന്യദേശക്കാരും ഇവിടെ വ്യത്യാസങ്ങളന്യേ കഴിഞ്ഞു കൂടുന്നു. കുടുംബബന്ധങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുള്ള നമ്മുടെ നാട്ടില്‍ ഇത്തരം ബന്ധങ്ങള്‍ ഒരു വലിയ പ്രശ്നമാകുമെന്ന് ഉറപ്പ്.
എല്ലാവര്‍ക്കും നന്ദി :)
നല്ല അവതരണം അതുപോലെ ഇതിലെ ചിത്രം അവതരണശൈലിക്കു വളരെ നന്നായി യോജിക്കുന്നുണ്ട്
ഇതു ദുബൈയില്‍ മാത്രം നടക്കുന്ന ഒരു സംഭവമായി എനിക്കു തോന്നുന്നില്ല, ആണും പെണ്ണും ഉള്ള എല്ലാ തിളങ്ങുന്ന പട്ടണങ്ങളിലെ നിത്യ സംഭവങ്ങള്‍ ആണു. ഇവിടെ അതിനു സൗകര്യങ്ങള്‍ കൂടുതലാണെന്നു മാത്രം. അവനവന്റെ മനസ്സിനെ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത പലരും ഇതുപോലുള്ള വലിയ കെണിയില്‍ പെട്ടുപോകാറുമുണ്ട്.
നല്ല കുറിപ്പ്..
ഇങ്ങനെ എത്രയെത്ര മുഖങ്ങള്‍!!
എണ്ണം രണ്ടില്‍ ഒതുങ്ങുമോ!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ