2008, ഫെബ്രുവരി 6, ബുധനാഴ്ച

ഭേദ്യമീ വൈധവ്യം...ഭേദം സതിയും


തേങ്ങുവതിന്നെന്‍ മനം; നീയതറിയുന്നില്ലയോ

ഇന്നു ഞാനേകയായ് നിന്നോര്‍മ്മകള്‍ മാത്രമെന്‍ കൂടെ

അകലെയേതോ കാണാക്കോണിലിരുന്നെന്നെ കാണുന്നുവോ

അറിയുന്നുവോ മാംഗല്യച്ചരടില്ലാത്തൊരെന്‍ മാഹാത്മ്യം

എന്തിനു നീയെന്നെ തനിച്ചാക്കി യാത്രയായ്

ഒരിക്കലും പിരിയില്ലെന്നുചൊല്ലിയതും നീ മറന്നുവോ

മടങ്ങിവരവുടനെന്ന വാക്കുപറയാതെ നീയകന്നപ്പോള്‍

ലോകരെനിയ്ക്കു നല്‍കിയ സ്ഥാനപ്പേരിതോ ‘വൈധവ്യം’

പൊട്ടിച്ചെടുത്തെന്‍ താലിച്ചരടിനെ, നീ തലോടിയ കുപ്പിവളകളെ

തുടച്ചുനീക്കിയവരിലാരോ നീ തൊടുവിച്ചൊരാ സിന്ദൂരവും

വെള്ളപുതപ്പിച്ചവരെന്നെയും നിശ്ചലമായ നിന്‍ മേനിയേയും

ആശകളെനിക്കന്യം, നിറങ്ങളും പിന്നെ ഭൂഷകളും

ഒന്നുമെനിക്കു വേണ്ടിന്നു വേണ്ടതു നിന്റെയൊരു സ്പര്‍ശം മാത്രം

അകലെയിരുന്നെങ്കിലും അറിയണം നീയെന്റെ

അധമമാം അവസ്ഥ നീ കണ്ടറിഞ്ഞിടേണം

മരുമകളെന്നു ചൊല്ലിയ നാവിനാലിന്നെന്നെ

അപലക്ഷണമെന്നു ശപിച്ചതുനിന്‍ മാതാവും

അല്പായുസ്സായ നിന്‍ ഹത്യയ്ക്കു ഹേതുവായെനിക്ക-

റിഞ്ഞീടാത്തൊരു ജാതകദോഷത്തെയും നല്‍കി

ഏടത്തിയെന്നമ്മ എന്നോതിയൊരനുജനും

ഇരുട്ടിലെന്‍ കാമത്തിന്‍ കണക്കുമായെത്തുന്നു

എനിക്കെന്തിനീ ജന്മം നിന്‍ സാമിപ്യമില്ലാതെ

അബലയാം വിധവയായ് ഏവര്‍ക്കും ഭാരമായ്

ഐശ്വര്യക്കേടായി, അപശകുനക്കാഴ്ചയാ‍യ്

ഇരുട്ടിനു കാവലായ് ദിവസങ്ങളെണ്ണി ഞാന്‍ കഴിഞ്ഞീടുന്നു

അവകാശമേതുമതില്ലാതെ അടിമയായ് മാറിയ സ്ത്രീ ജന്മമിന്നു ഞാന്‍

അറിക നീ നന്നായി എന്‍ പ്രിയനേ

പതിയുടെ ചിതയതില്‍ സതി ചെയ്ത സ്ത്രീകളേ

എന്‍ വിധിയേക്കാള്‍ ഭാഗ്യമതു തന്നെയല്ലേ?
---------------------------------------------------
വൈധവ്യത്തെ ധീരമായി നേരിട്ട് ജീവിക്കുന്ന ഒരുപാടു പേരുണ്ടെങ്കിലും
ശപിക്കപ്പെട്ട ജന്മം ആണു വിധവയുടേതെന്ന് കരുതുന്ന ഒരു സമൂഹം ഇപ്പോഴും ഉണ്ട്.
സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും നിന്നു കൊടുക്കേണ്ടി വരുന്ന ഒരു വിഭാഗമാണ് ഇന്നും വിധവകള്‍. ഇത് അവര്‍ക്കു വേണ്ടി.......

26 അഭിപ്രായ(ങ്ങള്‍):

ശ്രീ പറഞ്ഞു...

ഷാരൂ...
വൈധവ്യം എന്ന ഭയാനമകായ, നരക തുല്യമായ അവസ്ഥയെ നന്നായി ചിത്രീകരിച്ചിരിയ്ക്ജുന്നു.

നന്നായിട്ടുണ്ട്.

മന്‍സുര്‍ പറഞ്ഞു...

ഷാരു...

ഒരു വിധവയുടെ ശബ്ദമില്ലാതെ കരയുന്ന
ഒരു തേങ്ങള്‍ കാതില്‍ മൂളുന്ന പോലെ
വരികളുടെ..വാക്കുകളുടെ
മനോഹാരിത....കണ്‍മുന്നില്‍
കാണുമൊരു ചിത്രമായ്‌
ആരുണ്ടിന്നിവിടെ...ഇവരേയോര്‍ത്ത്‌
വിലപിക്കാന്‍...

കണ്ടറിഞ്ഞതും..കേട്ടറിഞ്ഞതും ..മനസ്സിനെ വേദനിപ്പിച്ചു

അഭിനന്ദങ്ങള്‍


നന്‍മകള്‍ നേരുന്നു

നിരക്ഷരന്‍ പറഞ്ഞു...

ഹല്ലോ ...
പിന്നേം മടങ്ങിപ്പോയോ വിഷാദത്തിലേക്ക്?

കഴിഞ്ഞ ആഴ്ച്ചയല്ലേ കാത്തിരിക്കുന്ന ആരേയോ പറ്റി ഘോരഘോരം ഒരു മഹാകാവ്യം എഴുതിയത്?
അതിനിടയില്‍ വൈധവ്യവുമായോ ? :) :)

(ഞാന്‍ ഓടി)
ഓട്ടത്തിനിടയില്‍.....
പഴയ ടെം‌പ്ലേറ്റിനേക്കാള്‍, ‘സമസ്യ‘ എന്ന ബ്ലോഗിന് യോജിക്കുന്നത് ഈ ടെം‌പ്ലേറ്റാണ് കേട്ടോ.

Sharu.... പറഞ്ഞു...

ശ്രീ...:)
മന്‍സൂറിക്കാ...:)
നിരക്ഷരന്‍.... ഓടിയതു നന്നായി. ഈ എഴുതുന്നതൊക്കെ എന്നെ കുറിച്ചാണെന്നാണോ കരുതിയത്...എന്റെ പഴയ പോസ്റ്റ് ഒക്കെ ഒന്ന് നോക്കണം കെട്ടോ. :)

എല്ലാവര്‍ക്കും നന്ദി..:)

ബഷീര്‍ വെള്ളറക്കാട്‌ പറഞ്ഞു...

വൈധവ്യം ഒരു കുറ്റമായി കണ്ട്‌ ആത്മഹത്യ ( സതി ) ചെയ്യാന്‍ കല്‍പിക്കുന്ന ഒരു വിഭാഗം ഇന്നും സജീവം.. നിരാശ വേണ്ട.. ജീവിതം ചിതയിലൊതുക്കാനുള്ളതല്ല..

ആശിക്കുക.. നിരാശയില്ലാതെ

പ്രയാസി പറഞ്ഞു...

കവിത കവിതയായി കാണുമ്പോള്‍ കൊള്ളാം..!


“അറിക നീ നന്നായി എന്‍ പ്രിയനേ
പതിയുടെ ചിതയതില്‍ സതി ചെയ്ത സ്ത്രീകളേ
എന്‍ വിധിയേക്കാള്‍ ഭാഗ്യമതു തന്നെയല്ലേ? “



ഇതിനോട് യോജിക്കാന്‍ വയ്യ..!

ചന്തു പറഞ്ഞു...

കാലമെത്ര മാറി പെങ്ങളേ, എങ്കിലും അങ്ങിനെയൊരവസ്ഥയുണ്ടായിരുന്നെന്ന ഓര്‍മ്മപ്പെടുത്തലായി ഈ നല്ല കവിത.

ദ്രൗപദി പറഞ്ഞു...

യാഥാര്‍ത്ഥ്യത്തിന്റെ തിരസ്ക്കരണം തന്നെയാണ്‌ പലപ്പോഴും രചനകള്‍ സംവദിക്കാതെ പോകുന്നത്‌...
ഇവിടെ വരച്ചിട്ടിരിക്കുന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്‌..പലപ്പോഴും നമുക്ക്‌ കാണേണ്ടി വരുന്നവ...
പുതുമോടി മാറും മുമ്പെ കറുത്ത മുഖത്തിനും വെളുത്ത ചോറിനുമിടയില്‍ ജീവിക്കേണ്ടി വരുന്ന ഹതഭാഗ്യരുടെ നേര്‍കാഴ്ച...

ദുഖത്തിന്റെയീ സഹയാത്രികയുടെ കഴിഞ്ഞ കവിത എന്നെ ഏറെ ആനന്ദിപ്പിച്ചിരുന്നു..ഇപ്പോ വീണ്ടും മനസില്‍ വിഷാദം കുടഞ്ഞിട്ടു...സാരമില്ല..ജീവിതം സുഖത്തിന്റേയും ദുഖത്തിന്റേയും സമ്മിശ്രമാണെന്ന്‌ തിരിച്ചറിയുന്നു...

നന്നായിരിക്കുന്നു...
ആശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

ഷാരൂ മനസ്സിന്റെ തേങ്ങലുകളാണൊ വരികളില്‍ തുളുമ്പിനില്‍കുന്നത്..?
അതൊ സമൂഹത്തിലെ ഇന്നത്തെ മാനദണ്ടങ്ങളൊ..?
എന്തായാലും ചില ചോദ്യങ്ങള്‍ തങ്ങി നില്‍കുന്നു ...
അര്‍ത്ഥശുന്യതയില്‍ നിന്നും അര്‍ത്ഥം തേടിയകലുന്ന ഒരുതരം ഫീലിങ്ങ്സ് ...
ഇനിയും എഴുതൂ...

ശ്രീനാഥ്‌ | അഹം പറഞ്ഞു...

അയ്യേ... ഇതെന്തൂട്ടാ ദ്‌?

ഹി ഹി.. ചുമ്മാ പറഞ്ഞതാ ട്ടൊ...

ശരിക്കും വൈധവ്യം താന്‍ അനുഭവിച്ചിട്ടുള്ള മാതിരി...
:)

വാല്‍മീകി പറഞ്ഞു...

സതി തിരിച്ചുവരണം എന്നാണോ പറയുന്നത്?

ഇതു ഗദ്യവും പദ്യവും ചേര്‍ന്ന ഒരു മിശ്രിതമായല്ലോ.

sivakumar ശിവകുമാര്‍ പറഞ്ഞു...

വൈധവ്യവും ഏകാന്തതയും വല്ലാത്ത ശാപം തന്നെയാണു....വളരെ നന്നായി എഴുതിയിരിക്കുന്നു....ഹൃദ്യമായ വരികള്‍....നന്ദി...

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

:)

ധ്വനി പറഞ്ഞു...

ജീവന്‍ പായുന്ന വിരല്‍തുമ്പുകള്‍ മരവിച്ചവയെ തൊടുമ്പോഴേ മനസ്സു ചാകും! പിന്നെന്തു ജീവിതം!

Gopan (ഗോപന്‍) പറഞ്ഞു...

ഷാരു ,
എഴുത്തിന്‍റെ സാങ്കേതിക മേന്‍മക്കുപരി തിരഞ്ഞെടുത്ത വിഷയത്തിനും
അതിനെ തന്മയത്വമായി അവതരിപ്പിച്ചതിനും ഷാരുവിനു അഭിനന്ദനങ്ങള്‍ !
പിന്നെ സതിയോട് വിയോജിപ്പാണ്...

കാപ്പിലാന്‍ പറഞ്ഞു...

nalla ezhuthu continue

Sharu.... പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി കൂട്ടുകാരെ.... സതി വേണം എന്നു ഞാനും ഉദ്ദേശിച്ചിട്ടില്ല......
“എന്നെ കൊല്ലുന്നതാണ് ഇതിനേക്കാള്‍ ഭേദം” എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം എന്നെ കൊല്ലണം എന്നാണോ?
യാഥാസ്ഥിതികമായ ഒരു സമൂഹം ഇന്നും ഇവിടെ ഉണ്ട്. അവരുടെ ഇടയില്‍ ദുസ്സഹമായ ഒരു ജീവിതം നയിക്കുന്നതിലും ഭേദം സതിയല്ലേ എന്നു ഒരു വിധവയുടെ ആത്മഗതം...അത്രെ ഞാനും ഉദ്ദേഷിച്ചുള്ളു...:)

കാനനവാസന്‍ പറഞ്ഞു...

തിരഞ്ഞെടുത്ത വിഷയം ഗൌരവത്തോടെ കാണേണ്ട ഒന്നുതന്നെ...........

നന്നായി.

നിലാവര്‍ നിസ പറഞ്ഞു...

ഇങ്ങനെ സങ്കടപ്പെടുത്തല്ലേ ഷാരൂ..
(ഓ ടോ: ഇതാരാ ഫോട്ടോയില്‍ കുഞ്ഞു ഷാരുവാ?)

RaFeeQ പറഞ്ഞു...

അതു ശരിയാ, ഇപോഴും പലയിടത്തും കേള്‍ക്കാം പാവം വിധവകളെ കുറിച്ചു.. :-(

നന്നായിട്ടുണ്ട്‌... :-)
ആശംസകള്‍..

മാണിക്യം പറഞ്ഞു...

അകലെയിരുന്നെങ്കിലും
അറിയണം നീയെന്റെ
അധമമാം അവസ്ഥ
നീ കണ്ടറിഞ്ഞിടേണം
,

വളരെ നല്ല വരികള്‍ പ്രാര്‍ത്ഥനപോലെ!

സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും നിന്നു കൊടുക്കേണ്ടി വരുന്നതു വിധവകള്‍‍ക്കു മാത്രമല്ലല്ലൊ..
സ്ത്രീകള്‍ മൊത്തത്തില്‍ അല്ലെ?
ഈ അവസ്ഥക്ക് ഒരു വ്യതിയാനം
അതിനി എന്നാ ഉണ്ടാവുക?
ഷാരൂ നല്ല കവിത!

വിനോജ് | Vinoj പറഞ്ഞു...

:) “..മാംഗല്യച്ചരടില്ലാത്തൊരെന്‍ മാഹാത്മ്യം..”
- ? മാ‍ഹാത്മ്യം എന്ന വാ‍ക്ക്‌ എന്തിനെന്ന്‌ മനസ്സിലായില്ല. എന്തായാലും പാവം വിധവകളെക്കുറിച്ച്‌ കുറേ ചിന്തിച്ചു കൂട്ടിയിട്ടുണ്ട്. കൊള്ളാം. ഒടുവിലെ കുറിപ്പും നന്നായി.
പിന്നെ, ഫോട്ടോയുടെ സ്ഥാനത്താരാ, കൌതുകക്കണ്ണുകളുമായി ഒരു കുഞ്ഞു നക്ഷത്രം ?

തല്ലുകൊള്ളി പറഞ്ഞു...

ബൂലോകത്ത് വെറും 2 മാസം പ്രായം മത്രമുള്ളവനാണ് ഞാന്‍. അതിനിടെ കണ്ടതില്‍ നല്ലോണം ഇഷ്ടപ്പെട്ട ചിലതിലൊന്ന്.. നന്നായിരിക്കുന്നു.. നല്ല വരികള്‍
ഭാവുകങ്ങള്‍.

ഏ.ആര്‍. നജീം പറഞ്ഞു...

വെലുത്ത തുണിയില്‍ പൊതിഞ്ഞ നിറങ്ങളും മോഹങ്ങളും നഷ്ടപെട്ടെ വൈധവ്യത്തിന്റെ മുഖം എത്ര ഹൃദ്യമായി വരച്ചു ചേര്‍ത്തിരിക്കുന്നു.. അഭിനന്ദനങ്ങള്‍...

Teena C George പറഞ്ഞു...

ഷാരൂ.... ഇതും നന്നായിട്ടുണ്ട്.

പ്രത്യേകിച്ച് ഈ വരികള്‍
“പൊട്ടിച്ചെടുത്തെന്‍ താലിച്ചരടിനെ, നീ തലോടിയ കുപ്പിവളകളെ
തുടച്ചുനീക്കിയവരിലാരോ നീ തൊടുവിച്ചൊരാ സിന്ദൂരവും
വെള്ളപുതപ്പിച്ചവരെന്നെയും നിശ്ചലമായ നിന്‍ മേനിയേയും”

മനസ്സിനെ വല്ലാതെ നീറ്റുന്നു...

The Common Man | പ്രാരാബ്ദം പറഞ്ഞു...

നല്ല ചിന്ത..നല്ല വരികള്‍...വരികള്‍ക്കിടയില്‍ കുറച്ചു സംഗീതം കൂടിയാകാം എന്നു തോന്നുന്നു. ഈണമുള്ള വരികളുടെ ഒരാരാധകനാണു ഞാന്‍.

ഭാവുകങ്ങള്‍!