2008, മാര്‍ച്ച് 4, ചൊവ്വാഴ്ച

നദിയുടെ വിലാപം



അറിയുന്നില്ലാരുമെന്‍ ശിഥില മനസ്സിനെ
നിശബ്ദമൊഴുകവേ തിരതല്ലുമോളങ്ങളെ
വികാരവിക്ഷുബ്ധമാകുമെന്നുള്ളിലെ ചുഴികളെ
ഒഴുകുമൊരു നദിയാകുമെന്‍ തപ്തവികാരങ്ങളെ
എന്നെയുള്‍ക്കൊള്ളേണ്ടയാഴിയെങ്ങോ ദൂരെ
പിടയുമൊരു മനസ്സുമായ് കരയോട് കേഴുന്നു
ഒരുനോക്കു കാണുവാനവനില്‍ ചേരുവാന്‍
ദ്രുതവേഗമൊഴുകുന്നു ദൂരങ്ങള്‍ താണ്ടുന്നു
ആഴി തേടിയൊഴുകുമീ വീഥിതന്‍ പാപങ്ങള്‍
ഒക്കെയും ഞാനെന്റെ ചുമലിലായ് പേറുന്നു
കര്‍മ്മത്തില്‍ പ്രീതരാം ആത്മാക്കള്‍ക്കൊപ്പമാ‍യ്
ജീര്‍ണ്ണിച്ചു തീരുമീയനാഥ ശവങ്ങളും
വിഷലിപ്തമാകുമൊരു മാലിന്യവാഹിയായ്
ജീവനുകളേറെയെടുത്തോരു ദാ‍ഹിയായ്
തീരാത്ത ശാപങ്ങളാത്മാവില്‍ ചേരവേ
പുനര്‍ജന്മമില്ലാത്ത പാപിയായ് തീരുന്നു
നിതാന്തമായൊഴുകുന്ന ശാന്തതയ്ക്കിടയിലായ്
എന്‍ കാലിനെ തളയ്ക്കുന്ന ചങ്ങലക്കെട്ടുകള്‍
വ്യഭിചരിച്ചെന്നുടെ ഗര്‍ഭത്തില്‍ പേറുന്ന
ജീവനാം മണ്ണിനെ കവര്‍ന്നെടുത്തീടുന്നു
ലക്ഷ്യത്തില്‍ ചേരാതെ മൃത്യുവെ പുല്‍കുന്ന
ശാപജന്മത്തിന്നൊടുക്കമായ് തീരുന്നു
മാതാവിന്‍ കാരുണ്യമാര്‍ത്തൊരെന്‍ മനസ്സിനെ
കോപാഗ്നി ചിന്തുന്ന ദ്രോഹിയായ് മാറ്റുന്നു
അറിയുന്നില്ലാരുമീ തിന്മതന്‍ ചെയ്തികള്‍
അറിയാതെയെല്ലാമൊടുങ്ങട്ടെയീ വിധം

45 അഭിപ്രായ(ങ്ങള്‍):

Sharu.... പറഞ്ഞു...

നദിയുടെ വിലാപം....

അറിയുന്നില്ലാരുമീ തിന്മതന്‍ ചെയ്തികള്‍
അറിയാതെയെല്ലാമൊടുങ്ങട്ടെയീ വിധം

സുല്‍ |Sul പറഞ്ഞു...

ഈ നദിയുടെ വിലാപം വളരെ ഹൃദയസ്പര്‍ശിയായ് തോന്നി. നന്നായെഴുതിയിരിക്കുന്നു ഷാരു. അഭിനന്ദനങ്ങള്‍.

(((((((((((ഠേ....))))))))))

-സുല്‍

ശ്രീ പറഞ്ഞു...

മനുഷ്യരാശി തിരിച്ചറിയേണ്ടതു തന്നെ, ഈ വിലാപം. നന്നായിട്ടൂണ്ട്.

“അറിയുന്നില്ലാരുമീ തിന്മതന്‍ ചെയ്തികള്‍
അറിയാതെയെല്ലാമൊടുങ്ങട്ടെയീ വിധം”

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

വിലാപം നന്നായി എഴുതിയിരിക്കുന്നു

ചന്തു പറഞ്ഞു...

നദിക്കമ്മയോടേറെ സാദൃശ്യമുണ്ടെന്നതു കൊണ്ട്‌ ഈ വിലാപത്തെ മക്കള്‍ നഞ്ചു തൊട്ടറിയുമെന്നാശിക്കാം.

ബഷീര്‍ വെള്ളറക്കാട്‌ പറഞ്ഞു...

ഈ വരികള്‍ നന്നയിരിക്കുന്നു.. ആശയവും

G.manu പറഞ്ഞു...

ഇരുകരകളോടു മണിമുത്തമിട്ടും
നിറവളകള്‍ നിരയിളകിയാടി നിന്നും
തരുനിരകളൊടു നാട്ടു വാ‍ര്‍ത്ത ചൊന്നും
തരുണിയൊരു പുഴയൊഴുകി നിന്ന കാലം....

വരളധര വിറപൂണ്ടു നിന്ന മര്‍ത്ത്യാ നിന്റെ
കരളറയിലിന്നുമെന്നൊഴുക്കു മാഞ്ഞോ..

നിലാവര്‍ നിസ പറഞ്ഞു...

ഷാരു, പ്രമേയത്തിലും ശില്പത്തിലും പക്വതയുള്ള കവിത.. നന്ന്..

നിരക്ഷരന്‍ പറഞ്ഞു...

“ ആഴി തേടിയൊഴുകുമീ വീഥിതന്‍ പാപങ്ങള്‍
ഒക്കെയും ഞാനെന്റെ ചുമലിലായ് പേറുന്നു “

ആ വരികള്‍ കൂടുതല്‍ ഇഷ്ടമായി.

പിന്നെ ഇതിന്റെ അവസാനം ഇങ്ങനെയല്ലല്ലോ വേണ്ടത് ?!

എല്ലാ നദികളും ആഴിയില്‍ത്തന്നെ എത്തിച്ചേരണമല്ലോ ?

ശ്രീനാഥ്‌ | അഹം പറഞ്ഞു...

ഗംഗേ... നിന്‍പുണ്യദേഹത്തി-
ലെന്തേ മായാത്തപാടുകള്‍...

മുന്‍പേ നില്‍ക്കുന്ന പുണ്യത്തിനാലാം,
അമ്പേ മറന്നുനിന്‍ പാപപ്രവാഹം.

പണ്ടേ കൊതിക്കൊന്നൊരുതുള്ളി തീര്‍ഥം,
കൊണ്ടേ വരൂ, എന്‍ മരണത്തെപുല്‍കാന്‍.


പുതിയ ആശയം കലക്കി ട്ടൊ..

ഭാവുകങ്ങള്‍!

നജൂസ്‌ പറഞ്ഞു...

ഓരോ മര്‍ത്യാത്മാവിന്റെയും വിലാപമാണിത്‌.
ഷാരു നന്നായിരിക്കുന്നു....

അപ്പൊ പിന്നെ ഏകവചത്തില്‍ ഒഴുകുന്നതാണ്‌ നല്ലത്‌

ഹരിശ്രീ പറഞ്ഞു...

“അറിയുന്നില്ലാരുമീ തിന്മതന്‍ ചെയ്തികള്‍
അറിയാതെയെല്ലാമൊടുങ്ങട്ടെയീ വിധം”

ഷാരൂ,

നന്നായിട്ടുണ്ട്....

ആശംസകള്‍...

:)

ഫസല്‍ പറഞ്ഞു...

കൊള്ളാം ഷാരൂ
ആശംസകള്‍

കാവലാന്‍ പറഞ്ഞു...

കൊള്ളാം...

"അറിയാതെയെല്ലാമൊടുങ്ങട്ടെയീ വിധം"
നദി ഒടുങ്ങട്ടെ എന്നാണോ?

തുടങ്ങിക്കഴിഞ്ഞ ഒരു നദിയെ പൂര്‍ണ്ണമായും തടുക്കാന്‍ എന്തിനെങ്കിലും സാധ്യമാണോ?.

സംഗമത്തില്‍ സാഗരം നദിക്കേറ്റ ഏതൊരു ക്ഷതങ്ങളേയും ശാപങ്ങളേയും തന്നോടുചേര്‍ക്കുന്നു,മാറ്റിനിര്‍ത്തലുകളില്ലാത്ത സമ്പൂര്‍ണ്ണ സമര്‍പ്പണവും സമ്പൂര്‍ണ്ണ സ്വീകരണവുമാണവിടെ.വിരഹസ്മൃതികളുടെ വ്യഥമുഴുവന്‍ സമുദ്രത്തിന്റെ ആദ്യ ആശ്ലേഷത്തിലേ നദി മറന്നുപോവും.

ഉപാസന | Upasana പറഞ്ഞു...

ഷാരുവിന്റെ കവിതൈകളുടെ പ്രത്യേകത ആണ് അതില്‍ ഗദ്യം വളര്‍റ്റെ കുറവായിരിക്കും എന്നത്
ഇതും വളരെ ഇഷ്ടപ്പെട്ട ഒന്നാണ്
:-)
ഉപാസന

Sharu.... പറഞ്ഞു...

എല്ല്ലാവര്‍ക്കും നന്ദി...

ഒഴുകുന്ന നദിയെ തടുക്കാന്‍ ആവില്ല തന്നെ. എങ്കിലും ഇപ്പോള്‍ പലതും പകുതിയില്‍ വറ്റി വരണ്ടു പോകുന്നില്ലേ?? കടലിന്റെ ആ ആശ്ലേഷത്തിനവസരം ഇല്ലാതെ...

sivakumar ശിവകുമാര്‍ ஷிவகுமார் പറഞ്ഞു...

good poem.....great verses....

with love,
siva.

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

“അറിയുന്നില്ലാരുമീ തിന്മതന്‍ ചെയ്തികള്‍
അറിയാതെയെല്ലാമൊടുങ്ങട്ടെയീ വിധം”

ഇപ്പൊ വന്ന് വന്ന് ഒരു തുള്ളിജലകണത്തില്‍ നേര്‍ത്തവെയിലിന്റെ ചൂടേറ്റപോലെയാ..
ഷാരൂ നന്നായിട്ടുണ്ട് കെട്ടൊ..

sv പറഞ്ഞു...

നന്നായിട്ടുണ്ടു ആശയം ....

...നന്മകള്‍ നേരുന്നു

ഉഗാണ്ട രണ്ടാമന്‍ പറഞ്ഞു...

നന്നായിരിക്കുന്നു....

കിനാവ് പറഞ്ഞു...

വ്യഭിചരിച്ചെന്നുടെ ഗര്‍ഭത്തില്‍ പേറുന്ന
ജീവനാം മണ്ണിനെ കവര്‍ന്നെടുത്തീടുന്നു
ലക്ഷ്യത്തില്‍ ചേരാതെ മൃത്യുവെ പുല്‍കുന്ന
ശാപജന്മത്തിന്നൊടുക്കമായ് തീരുന്നു...

നദികള്‍ക്കും മറ്റു പ്രകൃതി വിഭവങ്ങള്‍ക്കും ഏറ്റുകൊണ്ടിരിക്കുന്ന അമിത ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് സാമൂഹ്യബോധമുള്ള ഓരോരുത്തരുടേയും ചുമതലയാണ്. ഷാരുവിന്റെ കവിത അഭിനന്ദനമര്‍ഹിക്കുന്നു.

ഒഴുക്ക് നിലനിര്‍ത്താന്‍ ശ്രമിച്ചതുകൊണ്ടാണോ കവിതയിത്ര വലുതായത്.

വാല്‍മീകി പറഞ്ഞു...

നല്ല വരികള്‍.

പൊറാടത്ത് പറഞ്ഞു...

ഷാരു..(അതോ ശാരു.., ശാരിക..)
എല്ലാം തനിയ്ക്ക് ചേരുന്നു..
ഈ നിഷ്കളങ്കത ഇതുപോലെ ഉണ്ടാകട്ടെ എന്നും..
ഇത്രയും സന്തോഷവതിയായ് ഇരിയ്ക്കൂ
എന്നും.., ഈ ചിത്രത്തില്‍ കാണുമ്പോലെ..

ഈ കവിത കാണുമ്പോല്‍ എനിയ്ക്ക് ഏതോ ഒരു പാട്ടാണ്‍് ഓര്‍മ്മ വരുന്നത്..

ശെഫി പറഞ്ഞു...

നല്ല വരികള്‍

പാമരന്‍ പറഞ്ഞു...

ഇഷ്ടമായി....

അഗ്രജന്‍ പറഞ്ഞു...

ചാറ്റിലിരുന്ന് മണകുണാന്ന് പറയണ നീ തന്നേയാണോ ഇങ്ങനൊക്കെ എഴുതുന്നത്!

വളരെ നന്നായിട്ടുണ്ട് ഷാരു... അഭിനന്ദനങ്ങള്‍

എന്നെയുള്‍ക്കൊള്ളേണ്ടയാഴിയെങ്ങോ ദൂരെ
പിടയുമൊരു മനസ്സുമായ് കരയോട് കേഴുന്നു
ഒരുനോക്കു കാണുവാനവനില്‍ ചേരുവാന്‍
ദ്രുതവേഗമൊഴുകുന്നു ദൂരങ്ങള്‍ താണ്ടുന്നു...

ഒരു സുനാമിക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ...
കടല്‍ ഇങ്ങോട്ട് വന്നോളും :)

The Common Man | പ്രാരാബ്ദം പറഞ്ഞു...

നദികള്‍ക്കൊരു ചരമഗീതം...? അതോ ആരാലുമറിയാതെ ഒഴുകിയൊ[തു/ടു]ങ്ങുന്ന ജീവിതങ്ങള്‍ക്കോ?

RaFeeQ പറഞ്ഞു...

ശാരു... വരികള്‍ ഇഷ്ടപെട്ടു.. നദിയെ പോലെ വക്കുകള്‍ ഒഴുകി :-)

:)

ശ്രീവല്ലഭന്‍ പറഞ്ഞു...

നല്ല കവിത.

നിശബ്ദമൊഴുക്ശവേ - നിശബ്ദമൊഴുകവേ അല്ലെ? (രണ്ടാമത്തെ വരി തുടക്കം)
വായിക്കുവാന്‍ സുഖം പല stanzakal ആയി തിരിക്കുന്നതാണെന്ന് തോന്നുന്നു. ഇതങ്ങനെ തിരിക്കാന്‍ പറ്റുന്നതല്ലെന്നും. എന്റെ അഭിപ്രായം ആണേ. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കവിത വായിച്ചിട്ട് പിന്നെ ബ്ലോഗില്‍ വന്നിട്ടാണ് വായിക്കുന്നത്. (ഒരു മുന്‍കൂര്‍ ജാമ്യം)

Sharu.... പറഞ്ഞു...

വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി...
(തെറ്റ് ഞാന്‍ തിരുത്തിയിട്ടുണ്ട് കെട്ടോ) :)

Teena C George പറഞ്ഞു...

ഞാന്‍ എത്താന്‍ വൈകിയോ...

കൊള്ളാട്ടോ... നദിയുടെ വിലാപം...

നദിയുടെ വിലാപം, രൂപം മാറി അവസാനം കോപഗ്നി ചിന്തി, വല്ലാത്തൊരു രൌദ്ര ഭാവത്തില്‍, സമൂഹത്തെ മുഴുവന്‍ പേടിപ്പിക്കുന്നു...

ജിഹേഷ്/ഏടാകൂടം പറഞ്ഞു...

തികച്ചും പ്രസിദ്ധീകരണ യോഗ്യം..

(ചില വരികള്‍ മനസിലാകാന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത് :)

Gopan (ഗോപന്‍) പറഞ്ഞു...

വളരെ നല്ല കവിത ഷാരൂ..

kaithamullu : കൈതമുള്ള് പറഞ്ഞു...

ധാരാളമെഴുതൂ....
അഭിനന്ദനങ്ങള്‍!

ദീപു പറഞ്ഞു...

ഷാരുവിന്റെ വരികള്‍ പക്വതയാര്‍ജ്ജിച്ച് വരുന്നുണ്ട്. അഭിനന്ദനങ്ങള്‍ :)
പക്ഷെ ഒരല്‍പ്പം മിതത്വം പാലിച്ചാല്‍ നന്ന്.

കാണാമറയത്ത്.. പറഞ്ഞു...

നല്ല കവിത..അതിനേക്കാള്‍ ആ ചിത്രം എനിക്കിഷ്ടമായി..പുഴയുടെ പടം...മനോഹരം..പുഴയുടെ മരണത്തില്‍ ദു:ഖിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്......

വേണു venu പറഞ്ഞു...

തിര പറയുന്നതു വായിക്കൂ. എനിക്കൂ പുറകേ വരുന്നു, പലരും തിരതല്ലാന്‍. പാവം നദി.:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

വറ്റിവരണ്ട നദിയുടെ പൊയമുഖമാണി കവിത അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹസമുദ്രങ്ങളെക്കാള്‍ ഞാന്‍ അറിയുന്ന നിളാ നദിയെയാണാണു എനിക്കിഷ്ടം എന്നു പറഞ്ഞ കഥാക്കാരന്റെ വാക്കുകള്‍ ഓര്‍ത്തു പോകുന്നു ഈ അവസരത്തില്‍

Lino പറഞ്ഞു...

http://www.orkut.com/Community.aspx?cmm=44494220

david santos പറഞ്ഞു...

Excellent posting!
I loved this blog.
Have a good weekend.

സുബൈര്‍കുരുവമ്പലം പറഞ്ഞു...

“ ആഴി തേടിയൊഴുകുമീ വീഥിതന്‍ പാപങ്ങള്‍
ഒക്കെയും ഞാനെന്റെ ചുമലിലായ് പേറുന്നു ...........

ഈവരികള്‍ വളരെ മനോഹരം .................
അഭിനന്ദനങള്‍ ..............

കിനാവ് പറഞ്ഞു...

ഷാരു ദാണ്ടേ, ആ ഡേവിഡ് സാന്റോസ് ആരാന്നു നോക്കിയേ.

ഹൌ, അസൂയ തോന്നുന്നു.

Vivek പറഞ്ഞു...

ഷാരു ഞാന്‍ ഈ ബ്ലോഗ് കാണാന്‍ വളരെ വൈകി എന്നു തോനുന്നു...മനോഹരം....എല്ലാവിധ ആശംസകളും...

Rare Rose പറഞ്ഞു...

ഒരു പാടു ഇഷ്ടായി ഷാരു... സഹിച്ചു സഹിച്ചു അവസാനം സംഹാരരുദ്രയായി ആര്‍ത്തലച്ചു വരുന്ന നദിയുടെ കോപാഗ്നി ശരിക്കും പൊള്ളിച്ചു....

My......C..R..A..C..K........Words പറഞ്ഞു...

പുനര്‍ജന്മമില്ലാത്ത പാപിയായ് തീരുന്നു
punarjanmam papikalkkanullathu. papam chayyathavar ananthamaya sakthiyil parabrahmathil layikkunnu......!!!!!