നിന്നെയെനിക്കിഷ്ടമല്ലായിരുന്നു;
ക്ഷണിക്കാതെയുള്ള വരവും,
പറയാതെയുള്ള തിരിച്ചുപോക്കും,
കാരണമില്ലാത്ത പിണക്കവും,
ശാഠ്യത്തില്‍ ചിണുങ്ങിക്കരച്ചിലും,
കളിയാക്കിയുള്ള കള്ളച്ചിരിയും,
ഒന്നുമെനിക്കിഷ്ടമല്ലായിരുന്നു।
എന്റെ പാവാടത്തുമ്പ് നനയ്ക്കുന്ന;
വരാന്തയിലെ അരമതിലിലിരുന്നാല്‍,
ചീറിപാഞ്ഞ് ചാറ്റലായെത്തുന്ന;
വെറുതെ പെയ്തെന്റെ കളിവീടിന്റെ-
പുല്ലുമേഞ്ഞ മേല്‍ക്കൂരനാശമാക്കുന്ന;
നിനച്ചിരിക്കാതെ വന്നെത്തിയെന്റെ
പുത്തന്‍കുടയെ നനച്ചീറനാക്കുന്ന;
കുശുമ്പിയായ തന്നിഷ്ടക്കാരി.
അന്ന് ഞാനറിഞ്ഞില്ല നിന്റെ മനസ്സ്,
നീ വന്നതെന്നെ കാണാനാണെന്നും,
പിണങ്ങിയതും ഇണങ്ങിയതും
കുലുങ്ങിച്ചിരിച്ചതും ശഠിച്ചു കരഞ്ഞതും
ഒക്കെയും എന്നോടു മാത്രമാണെന്നും,
നിന്റെ മനസ്സിലെ ഇഷ്ടവും കുസൃതിയും
പങ്കുവെക്കാനാണ് നീവന്നതെന്നും;
ഒന്നുമൊന്നും ഞാനറിഞ്ഞതേയില്ല.
ഇന്നകലെയിരുന്ന് ഞാനെല്ലാമറിയുന്നു,
എന്റെ നാട്ടില്‍ ഇക്കുറിയും നീ വന്നിട്ടുണ്ടാകും.
ആര്‍ത്തലച്ചു പെയ്യുന്നുണ്ടാകും.
എന്നെ കാണാതെയലറിക്കരയുന്നുണ്ടാകും.
വീടിനകത്തേക്കെത്തിനോക്കാനെന്ന പോലെ,
ചാറ്റലായ് പലവുരു പാറിയെത്തുന്നുണ്ടാകും।
ദൂരെയിക്കരെ ഞാന്‍ തനിച്ചാണെന്ന്-
നീയറിയുന്നുണ്ടാകുമോ?
നിന്നെ കണ്ണുനിറയെ കാണാന്‍,
നിന്റെ കുളിരിനെ മനസ്സിലെടുക്കാന്‍,
എന്റെ ചേലത്തുമ്പൊന്ന് നനഞ്ഞിടാന്‍,
പുതുമഴ നനഞ്ഞൊന്ന് പനിപിടിക്കാന്‍,
മനസ്സിലെ കളിവീടുമൊരുക്കിയിനിയെത്രനാള്‍????
.
മുകളിലെ ചിത്രത്തിനു കടപ്പാട്: http://www.houstonsahm.com/files/GirlInRain.gif



21 അഭിപ്രായ(ങ്ങള്‍):
ഷാരൂ നന്നായിട്ടുണ്ട്...ബാല്യകാലത്തിന്റെ ഓര്‍മാകള്‍ക്കെന്നു നാട്ടുമാങ്ങയുടെ മാധുര്യമാണ്..
ബാല്യത്തിന്റെ ഒരു പ്രതീതി ഉളവാക്കുന്നു അതോടൊപ്പം അന്ന് കൂട്ടിനായ് പെയ്തമഴത്തുള്ളിയും ഏറ്റുവാങ്ങിയ ഇളം പ്രായത്തില്‍ മനസ്സില്‍ ആഞ്ഞടിച്ച ഒരു സ്നേഹസമ്മാനമന്നവണ്ണം..നിന്റെ വരവിനായി ഇനിയും പ്രതീക്ഷിക്കുന്ന മഴയും നിലാവും
മഴ പോലെ മനസില്‍ നിറയുന്ന ഓര്‍മ്മകള്‍
ബാല്യത്ത് കളിവള്ളം ഉണ്ടാക്കിയതും
പിന്നെ ചാറ്റല്‍ മഴ നന്നഞ്ഞ് ഓടി നടന്നതും
രാത്രി പുറത്തു മഴ പെയ്യുമ്പോള്‍ നനഞ്ഞ ചുവരിനോട് ചെവി ചേര്‍ത്തു വച്ച് കിന്നാരം പറഞ്ഞതും തറവാട്ടിലെ പറമ്പില്‍ മഴക്ക് ഒപ്പം ഉണ്ടാകുന്ന കാറ്റില്‍ പൊഴിയുന്ന മാങ്ങകള്‍ പെറുക്കിയെടുത്ത് ആ മഴമുഴുവന്‍ നനഞ്ഞതും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മകളാണ്
ശരിയാണു ഷാരൂ.....അകന്നു നില്‍ക്കുബോഴാണ് നാം നഷ്റ്റങളുടെ കാട്യന്യമറിയുന്നത്...........
akannirikkumbozhanu nam nashtangalepatti kooduthal chindhikkunnathennu thonnunnu...........
nashtangalayirunnennu manassilakkunnathu nam akannirikkumbozhanennu thonnunnu.......
നന്നായി ..!
'രാത്രിമഴ' ഓര്‍ത്തു...
കൊള്ളാം ട്ടാ
കുറചു പെയ്തു കഴിയുമ്പൊള്‍
മഴ ഒരു ശല്യമാണു...
ദൂരെ നില്‍ക്കുന്നവര്‍ക്കു
ഒരു വികാരവും...
ഓത്തുപള്ളീലന്നു നമ്മള്
പോയിരുന്നാ കാലം
ഓര്‍ത്തുപോയീ ഞാന്‍ വെറുതേ
പെയ്യുകയാണ് മേഘം..
അക്കാലത്തേക്ക് വീണ്ടും എത്തിച്ചതിന് നന്ദി ഷാരൂ നന്ദി..
“ഇന്നകലെയിരുന്ന് ഞാനെല്ലാമറിയുന്നു,
എന്റെ നാട്ടില്‍ ഇക്കുറിയും നീ വന്നിട്ടുണ്ടാകും.
ആര്‍ത്തലച്ചു പെയ്യുന്നുണ്ടാകും.
എന്നെ കാണാതെയലറിക്കരയുന്നുണ്ടാകും.”
ഇപ്പോ ഇങ്ങനെ ഓര്‍ക്കാനല്ലേ നമുക്കൊക്കെ കഴിയൂ... ബാല്യകാലത്തെ ഓര്‍മ്മകളിലേയ്ക്ക് വീണ്ടും കൊണ്ടു പോയി... നന്ദി ഷാരൂ.
:)
തിരിച്ചുകിട്ടാത്ത ബാല്യത്തിലേക്കൊന്നു പോകാന്‍ കഴിഞു..നന്നായിട്ടുണ്ട്...
“ഇന്നകലെയിരുന്ന് ഞാനെല്ലാമറിയുന്നു,
എന്റെ നാട്ടില്‍ ഇക്കുറിയും നീ വന്നിട്ടുണ്ടാകും.
ആര്‍ത്തലച്ചു പെയ്യുന്നുണ്ടാകും.
എന്നെ കാണാതെയലറിക്കരയുന്നുണ്ടാകും.”
വളരെ നന്നായി
തിരിച്ചുകിട്ടാത്ത ബാല്യത്തിലേക്കൊന്നു പോകാന്‍ കഴിഞു..നന്നായിട്ടുണ്ട്...
“ഇന്നകലെയിരുന്ന് ഞാനെല്ലാമറിയുന്നു,
എന്റെ നാട്ടില്‍ ഇക്കുറിയും നീ വന്നിട്ടുണ്ടാകും.
ആര്‍ത്തലച്ചു പെയ്യുന്നുണ്ടാകും.
എന്നെ കാണാതെയലറിക്കരയുന്നുണ്ടാകും.”
വളരെ നന്നായി
നന്നായി!
നിന്നെയെനിക്കിഷ്ടമല്ലായിരുന്നു
................................
................................
ഒന്നുമെനിക്കിഷ്ടമല്ലായിരുന്നു.
ഇതാണു മഴ.....
ഉള്ളം നിറയെ കുളിരുള്ളപ്പോള്‍ വേണ്ടാത്തത്
ഉള്ളു നിറയെ തീ പെയ്യുമ്പോള്‍ വേണ്ടുന്നത്.
നന്നായിരിക്കുന്നു.ഒരു മഴനനഞ്ഞ പോലെ....
നമുക്ക് ഓര്‍ക്കാന്‍ ഈ ഓര്‍മ്മകള്‍ എന്നും മരിയ്ക്കാതെ മനസ്സിലുണ്ടെന്നെങ്കിലും ആശ്വസിയ്ക്കാം. ആ ഓര്‍മ്മയില്‍ ഇങ്ങിനെ സുന്ദരമായ കവിതകള്‍ എഴുതാം.. അതിന്റെ നിര്‍വ്യതിയില്‍ അലിയാം..
നന്നായിട്ടുണ്ടേ...
മധുസൂദനന്‍ മാഷിന്റെ ബാലശാപങ്ങള്‍ എന്ന കവിത ഓര്‍മ്മ വന്നു...
"ഞാന്‍ കെട്ടിയ കളിവീടെന്തിനു തല്ലിയുടച്ചൂ നീ...
ഞാന്‍ കൂട്ടിയ കൂട്ടാന്‍ ചോറും... (ബാക്കി മറന്നു പോയി)..."
നിന്നെ കണ്ണുനിറയെ കാണാന്‍,
നിന്റെ കുളിരിനെ മനസ്സിലെടുക്കാന്‍,
എന്റെ ചേലത്തുമ്പൊന്ന് നനഞ്ഞിടാന്‍,
പുതുമഴ നനഞ്ഞൊന്ന് പനിപിടിക്കാന്‍,
മനസ്സിലെ കളിവീടുമൊരുക്കിയിനിയെത്രനാള്‍???
:) നന്നായി.. അറിയാതിരിക്കുമോ..?? അറിയുന്നുണ്ടാവും..
ആശംസകള്‍.. :)
ഷാറൂ,
മഴയെ കുറിച്ചെഴുതി എന്നെ കൊതിപ്പിച്ചു കളഞ്ഞു.
മഴ എന്‍റെ ഒരു ദൌര്‍ബല്യം ആണ്.
അവധിക്കാലം ഞാന്‍ തിരഞ്ഞെടുക്കാറ് മഴക്കാലമാണ്.
ഇത്തവണ പോകാനൊത്തീല്ല.
ഭാര്യ ചോദിച്ചു,എന്തേ വന്നില്ല ?.പിന്നെ ഒട്ടേറെ പരിഭവങ്ങളുടെ ചൊല്ലിയാട്ടവും.
അവരുടെ പരാതികള്‍ക്ക് മുന്‍പില്‍ നമുക്കെന്താണുത്തരം!?.
ചേമ്പില കൊണ്ട് തലമറച്ച്
പാടവരമ്പത്തുകൂടെ മഴകൊണ്ട് നനഞ്ഞതും
സ്കൂള്‍ വിട്ടുവരുമ്പോള്‍ മുന്നറിയിപ്പില്ലാതെ
പെയ്തൊഴിഞ്ഞ മഴവെള്ളം ചവിട്ടിത്തെറിപ്പിച്ചതും
വീടിന്റെ അരമതിലിലിരുന്ന് പുറത്തേക്ക്
കൈനീട്ടി മഴവെള്ളം കൈക്കുമ്പിളിലാക്കിയതും
പുതുമഴയത്ത് വിരുന്നെത്തിയ മീനിനെ പീടിക്കാന്‍
ഒറ്റലുമായി ഇറങ്ങിത്തിരിച്ചതും..
എല്ലാമെല്ലാം ഇന്ന് ഓര്‍മ്മകളീല്‍ മാത്രം.
തിരിച്ചുകിട്ടുമൊയെന്‍ ബാല്യം ഇനിയൊരിക്കല്‍ കൂടി?
ഇഷ്ടമായി ഒരുപാട് ഒരുപാട്...........
helloooooooooo ithenthu patti............kavitha okkeeee...............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ