2008, ഫെബ്രുവരി 26, ചൊവ്വാഴ്ച

ഓര്‍മ്മകളില്‍‌‍ നിന്നൊരു മോചനം


കാഴ്ചയ്ക്കു മറയാകും മൂടല്‍മഞ്ഞുപോല്‍
ഓര്‍മ്മകള്‍ക്കു മേല്‍ പുതപ്പായ് മറവിയും
പ്രകാശിതമാം നല്ലോര്‍മ്മച്ചിന്തുകള്‍
കെടാത്ത ചിരാതുപോല്‍ എരിഞ്ഞിടുന്നു
തിരിഞ്ഞു നോക്കുകില്‍ കാണാമെനിക്കിന്നും
ജ്വലിക്കുമൊരായിരം കാര്‍ത്തിക ദീപങ്ങള്‍
കാലമാകും കാറ്റതില്‍ ആഞ്ഞു വീശവേ
പിടഞ്ഞുമാറിയെഴുന്നുനില്‍ക്കുമാ ദീപാങ്കുരം
ഇടയില്‍ എരിയുന്നൊരാ തീക്കനലുകള്‍
നീക്കിയിരിപ്പാകും ദു:ഖത്തിന്‍ ചീന്തുകള്‍
കണ്ടിട്ടുമില്ലെന്നു വെറുതേ നടിക്കവേ
കൈ നീട്ടി തൊട്ടെന്റെയുള്ളമെരിക്കുന്നു
ഓടിയൊളിക്കുവാനാവില്ലെന്നറിയുന്നു
എന്നില്‍ നിന്നെനിക്കെന്തു മോചനമീ ഭൂവില്‍
എന്നില്‍നിന്നെന്നെയൊളിപ്പിച്ചു നിര്‍ത്തുവാന്‍
കൂട്ടാകുമിന്നിന്റെ നന്മയും നല്ലതും
പോയി മറഞ്ഞൊരാ ഇന്നലെകള്‍
മരിക്കട്ടെയാക്കനല്‍ നനഞ്ഞിടട്ടെ
തെളിവേറുമിന്നിന്റെ അനുഭവങ്ങള്‍
തിളങ്ങട്ടെ ഓര്‍മ്മതന്‍ ചെപ്പിനുള്ളില്‍
ഒരു നുള്ളു പുഞ്ചിരി തൂകി ഞാന്‍ നില്‍ക്കുന്നു
നാളെതന്‍ ആശകള്‍ പുല്‍കിടുവാന്‍

2008, ഫെബ്രുവരി 24, ഞായറാഴ്ച

അഗ്രഗേറ്ററുകള്‍‌ എന്നെ ചതിച്ചു..........പാവം ഞാന്‍

ഇന്നലെ അഗ്രഗേറ്ററുകള്‍ക്കു എന്നോടുള്ള സ്നേഹം തീരെ ന്കുറഞ്ഞതിന്റെ ഫലമായി “ശാപം” എന്ന എന്റെ കവിത ശാപം കിട്ടിയ പരുവത്തില്‍ അധികം ആരും കാണാതെ കിടക്കുന്നു. അതിനാല്‍ നിങ്ങളേവരുടെയും ശ്രദ്ധയെ ക്ഷണിക്കുന്നതിന്റെ ഭാഗമായി ഞന്‍ ആ ലിങ്ക് ഇവിടെ കൊടുക്കുന്നു

2008, ഫെബ്രുവരി 21, വ്യാഴാഴ്ച

ശാപം


നീയാരെന്നെനിക്കറിയില്ലിളം പൈതലേ

അറിവു നീ ആയിരങ്ങളിലൊരുവനെന്നുമാത്രം

തെളിഞ്ഞോരു ജീവനായ് പിറന്നിട്ടും നീയിന്നു-

കരിഞ്ഞോരു ജഡമായ് മാറിയതെന്തിങ്ങനെ

ദുഷിച്ചൊരു ലോകത്തിന്‍ വിഴുപ്പുകള്‍ പേറുന്ന

അഴുക്കു തന്‍ കൂന നിനക്കിന്നു തൊട്ടിലായ്

ആരെ ഞാന്‍‌ പറയേണ്ടു കാരണഭൂതരായ്

ചീന്തിയെടുത്ത നിന്‍‌ ജീവനു ഹേതുവായ്

പത്തുമാസത്തിന്റെ മാന്യതക്കേടു പോല്‍‌

നിന്നെയെറിഞ്ഞിട്ട മാതൃജന്മത്തിനോ

പാതിയാം ജീവനെ തന്നിട്ടു പിന്നെ നിന്‍‌

ജീവനെ പാതകം ചെയ്തൊരാ താതനോ

മാതൃസാഫല്യമതു തേടുന്ന സ്ത്രീജന്മം

നേര്‍ച്ചയും കാഴ്ച്ചയും നേദിച്ചു നില്‍ക്കവേ

കിട്ടിയ ഭാഗ്യത്തെയഗ്നിക്കു നല്‍കിയ

ജന്മങ്ങളീ ഭൂവിന്‍‌ ശാപമായ് മാറുന്നു

പാപത്തിന്‍ ഭാണ്ഡങ്ങള്‍ പേറുന്ന ഹീനരേ

നിങ്ങളറിയുന്നുവോ ജന്മനിയോഗങ്ങള്‍

അല്പവും മനസ്സുമടിയാതിതു ചെയ്യുമ്പോള്‍

അറിയണം നിങ്ങളും വിധി തന്നിരയെന്ന്

ഇത്ര മേല്‍ വേണ്ടാത്ത ജന്മത്തെയെന്തിനു-

മാനമതില്ലാതെ ഗര്‍ഭത്തില്‍‌ പേറുന്നു

കളങ്കമില്ലാത്തൊരു മാലാഖപ്പിറവിക്കു

സൃഷ്ടികര്‍ത്താക്കളായ് ദുഷ്ടപ്പിറവികള്‍‌‌

മാറേണമീലോകമിനിയേറെ നന്മതന്‍‌

പാപനാശത്തില്‍‌ മുങ്ങി നിവരേണം

ഇല്ലയെന്നാകിലോ നശ്വരമാം ലോകം

കുഞ്ഞുമനസ്സിന്റെ ശാപത്തിലുരുകിടും

സന്താനമില്ലാതെ വിങ്ങും ഹൃദയങ്ങളേ

നിങ്ങളാ ശാപത്തിന്‍ ജീവിക്കും സത്യങ്ങള്‍

2008, ഫെബ്രുവരി 20, ബുധനാഴ്ച

എന്റെ ദിവസം...


ആറേകാലിന്റെ ആദ്യത്തെ അലാറം

മണിമുഴക്കുമ്പോഴേ കൊന്നു ഞാനതിനെ

‘ഉറക്കത്തിലാണു നിന്റെ കിന്നാരം’

എടുത്തെറിയുമെന്ന ഭീഷണി പുറകെ

ഏഴേകാലിനു വീണ്ടും മണിമുഴക്കം

അതവസാന താക്കീതാകയാല്‍‌

വകവെക്കാതെ തരമില്ലെനിക്ക്

സമയമില്ലാത്ത സമയമെന്ന പരാതിചൊല്ലി

പ്രാഥമികങ്ങളൊക്കെയും നടത്തണം

പാലൊഴിച്ചൊരു ചായയില്ലാതെന്തു സുപ്രഭാതം

ഇതിനിടയിലാണെന്റെ തയ്യാറെടുപ്പുകള്‍‌

ചുണ്ടിലെ ചായം തേച്ചു നിര്‍ത്തിയാല്‍‌

പിന്നെയാകാം ഒരല്പം സുഗന്ധം കൂടി

പിന്നെയൊരോട്ടമാണതിനിടയില്‍ സംഗീതം

വഴിയേ പോകുന്ന സുന്ദരനൊരു കടാക്ഷം കൂടി

എട്ടിനെത്തേണ്ടുന്നവള്‍‌ എട്ടരക്കെന്നോ

ചോദ്യത്തിനുത്തരമായ് നല്ലൊരു പുഞ്ചിരിയും

പിന്നെ തുടങ്ങുന്ന ചാറ്റിങ്ങും ബ്ലോഗ്ഗിങ്ങും

ഇടയില്‍ മരിക്കാത്ത ആത്മാര്‍ത്ഥതക്കല്പം ജോലിയും

ആറുമണിയാകുന്നതറിയാറില്ല പലപ്പോഴും

സുഹൃത്‌മനസ്സുകളുമായുള്ള സംവേദനത്തിന്റെ കാര്യക്ഷമത

ആറുമണിക്കന്യദേശക്കാരി സഹമുറിയത്തിക്കൊപ്പം മടക്കം

കാതുപൂക്കുന്നു ആംഗലേയത്തിലെ ഹാസ്യം കേട്ട്

തിരികെ മറ്റെന്തു ചെയ്യാനെന്നോര്‍ക്കുകില്‍

മാതൃഭാഷയിലസഭ്യമെങ്കിലും പറയും ചിരിക്കവേ

തിരികെയെത്തിയാലെന്തു ചെയ്യാനെന്നോര്‍ക്കുമെന്നും

ആ കിടപ്പില്‍‌ തന്നെ മയങ്ങുമൊരല്പനേരം

കണ്ണുതുറന്നാല്‍‌ കാണുന്നതു കാര്‍ട്ടൂണിന്നതിപ്രസരം

എന്തിനീ ക്രൂരതയെന്നോടെന്നാ‍ത്മഗതം

ഭക്ഷിക്കാനെന്തെങ്കിലും കൂടിയായാല്‍ സ്വസ്ഥം

പിന്നെ മൊബൈലില്‍‌ അല്പം പ്രണയസല്ലാപം

ഉറക്കത്തിലെ കിനാക്കള്‍ക്കായി ചൂടുള്ളൊരു ചുംബനം

കാമുകന്റെ വകയും അവനായി സമര്‍പ്പിച്ചതും

രാവിലെ വിളിച്ചുണര്‍ത്താന്‍‌ അലാറവും വെച്ചാല്‍‌

ഉറങ്ങാം എനിക്കായുള്ള ദിനമെന്ന സ്വപ്നവും കണ്ട്

2008, ഫെബ്രുവരി 18, തിങ്കളാഴ്ച

മറന്നു വെച്ച മനസ്സ്


ഇന്നലെയും നീ വന്നില്ല;
കാത്തിരിപ്പിന്റെ സ്പന്ദിക്കുന്ന നിമിഷങ്ങള്‍‌
വിരസതയിലേക്കിഴയുന്നു
പൊഴിഞ്ഞു വീണ ഒരോ നിശ്വാസങ്ങളും
വിരഹത്തിന്റെ നേര്‍ക്കാഴ്ചകള്‍‌
എന്നെ പൊതിഞ്ഞു നില്‍ക്കുന്ന സ്നേഹത്തിലും
ഞാന്‍‌ എന്റെ പ്രണയത്തെ; നിന്നെ തേടുന്നു
നിന്റെ ചുംബനത്തില്‍ ചോന്ന അധരങ്ങള്‍‌
രതിയിലെ കുസൃതിയാം നഖക്ഷതങ്ങള്‍‌
പൊട്ടി വീണ കൊലുസുമണികള്‍‌
നിന്റെ വിയര്‍പ്പിന്റെ സുഗന്ധം പേറുന്ന വിരിപ്പുകള്‍‌
പ്രണയത്തിന്റെ സ്പര്‍ശനമേറ്റതൊക്കെയും
ഇന്നെന്നെ ചുട്ടുപൊള്ളിക്കുന്നു
എല്ലാത്തിനും പറയാനുള്ളത്
നിമിഷങ്ങളെ യുഗങ്ങളാക്കുന്ന
വിരസതയില്‍‌ ചാലിച്ച കാത്തിരിപ്പ്
നീ വരും; വരാതിരിക്കാനാവില്ല
കൂടെ നീ കൂട്ടിയത് എന്റെ മനസ്സാണ്
ഉപരിപ്ലവമായതൊന്നുമില്ലാത്ത
ഉപാധികളില്ലാത്ത പ്രണയം നിറച്ച എന്റെ മനസ്സ്
അതിനെ കാണാതിരിക്കാ‍ന്‍‌ നിനക്കാവില്ല
നിന്റെ മനസ്സ് നീയിവിടെ മറന്നു വെച്ചതല്ലേ???

2008, ഫെബ്രുവരി 10, ഞായറാഴ്ച

നീ അന്യന്‍...


മാതൃത്വത്തിന്‍ മാധുര്യം നിഷേധിച്ച നാളില്‍

മാതാവാം നീ മനസ്സു കൊണ്ട് തേങ്ങി

മുലക്കണ്ണിന്‍ കയ്പാലവനെ അന്യനാക്കരുതെന്ന്

നീ നിന്നോട് തന്നെ കരഞ്ഞു കേണു

അവന്റെ വളര്‍ച്ചയ്ക്കിതനിവാര്യമെന്ന് ചൊല്ലി

പിന്നെ സ്വയം ആശ്വസിച്ചൊതുങ്ങി

അമ്മയൂട്ടാ‍തെയുണ്ണാത്തൊരുണ്ണിയെ

വിദ്യയ്ക്കായി പറഞ്ഞയയ്ക്കവേ

ദൂരമീ രക്തബന്ധത്തെയകറ്റുമെന്ന്

നിന്റെ മനം വൃഥാ‍ ഭയത്തെ പൂകി

ലോകരറിയുംവിധം അവനു വളരാന്‍

വിദ്യവേണമെന്നു നീ സ്വയം ശാസിച്ചു

പിന്നെയവന്റെ മാംഗല്യത്തിനും

നീയറിയാതെ നിന്‍ മനം നീറി

വന്നുകയറുന്നവളെ കാരണമേതുമില്ലാതെ

നീയുള്ളാല്‍ സ്നേഹിക്കവേ വെറുത്തു

അവളവനെയെന്നില്‍ നിന്നകറ്റിയെന്ന്

വെറുതേ നീ മനസ്സാ വിലപിച്ചു

ജീവിതസൌഖ്യം തേടിയവന്‍

പ്രവാസം തേടി പോകവേ

മരണക്കിടക്കയിലെ ദാഹജലത്തെചൊല്ലി

നീ‍ വീണ്ടും വൃഥാ വ്യസനിച്ചു

നാലുവരി സ്നേഹത്തിനായുള്ള കാത്തിരുപ്പില്‍

നീ വീണ്ടും ദൂരത്തെ ശപിച്ചു

ഇന്നു കാലം നിന്നിലെ ജീവനെടുക്കുമ്പോള്‍

അവനെ ഒരുനോക്കു കാണാന്‍ നീ കരഞ്ഞു

എന്നോ അകന്നോരു മകനായ്

കാക്കാനാവില്ലെന്നു മരണം മൊഴിഞ്ഞു

പൊക്കിള്‍ക്കൊടി മുറിച്ചൊരു നാളില്‍തെന്നെ

അന്യനായ മകനെയോര്‍ത്തേറെ കരഞ്ഞതില്‍

നിന്നെ പരിഹസിച്ചു ചിരിക്കവേ

മരണം നിന്റെ കണ്ണില്‍ ചുംബിച്ചു.

2008, ഫെബ്രുവരി 6, ബുധനാഴ്ച

ഭേദ്യമീ വൈധവ്യം...ഭേദം സതിയും


തേങ്ങുവതിന്നെന്‍ മനം; നീയതറിയുന്നില്ലയോ

ഇന്നു ഞാനേകയായ് നിന്നോര്‍മ്മകള്‍ മാത്രമെന്‍ കൂടെ

അകലെയേതോ കാണാക്കോണിലിരുന്നെന്നെ കാണുന്നുവോ

അറിയുന്നുവോ മാംഗല്യച്ചരടില്ലാത്തൊരെന്‍ മാഹാത്മ്യം

എന്തിനു നീയെന്നെ തനിച്ചാക്കി യാത്രയായ്

ഒരിക്കലും പിരിയില്ലെന്നുചൊല്ലിയതും നീ മറന്നുവോ

മടങ്ങിവരവുടനെന്ന വാക്കുപറയാതെ നീയകന്നപ്പോള്‍

ലോകരെനിയ്ക്കു നല്‍കിയ സ്ഥാനപ്പേരിതോ ‘വൈധവ്യം’

പൊട്ടിച്ചെടുത്തെന്‍ താലിച്ചരടിനെ, നീ തലോടിയ കുപ്പിവളകളെ

തുടച്ചുനീക്കിയവരിലാരോ നീ തൊടുവിച്ചൊരാ സിന്ദൂരവും

വെള്ളപുതപ്പിച്ചവരെന്നെയും നിശ്ചലമായ നിന്‍ മേനിയേയും

ആശകളെനിക്കന്യം, നിറങ്ങളും പിന്നെ ഭൂഷകളും

ഒന്നുമെനിക്കു വേണ്ടിന്നു വേണ്ടതു നിന്റെയൊരു സ്പര്‍ശം മാത്രം

അകലെയിരുന്നെങ്കിലും അറിയണം നീയെന്റെ

അധമമാം അവസ്ഥ നീ കണ്ടറിഞ്ഞിടേണം

മരുമകളെന്നു ചൊല്ലിയ നാവിനാലിന്നെന്നെ

അപലക്ഷണമെന്നു ശപിച്ചതുനിന്‍ മാതാവും

അല്പായുസ്സായ നിന്‍ ഹത്യയ്ക്കു ഹേതുവായെനിക്ക-

റിഞ്ഞീടാത്തൊരു ജാതകദോഷത്തെയും നല്‍കി

ഏടത്തിയെന്നമ്മ എന്നോതിയൊരനുജനും

ഇരുട്ടിലെന്‍ കാമത്തിന്‍ കണക്കുമായെത്തുന്നു

എനിക്കെന്തിനീ ജന്മം നിന്‍ സാമിപ്യമില്ലാതെ

അബലയാം വിധവയായ് ഏവര്‍ക്കും ഭാരമായ്

ഐശ്വര്യക്കേടായി, അപശകുനക്കാഴ്ചയാ‍യ്

ഇരുട്ടിനു കാവലായ് ദിവസങ്ങളെണ്ണി ഞാന്‍ കഴിഞ്ഞീടുന്നു

അവകാശമേതുമതില്ലാതെ അടിമയായ് മാറിയ സ്ത്രീ ജന്മമിന്നു ഞാന്‍

അറിക നീ നന്നായി എന്‍ പ്രിയനേ

പതിയുടെ ചിതയതില്‍ സതി ചെയ്ത സ്ത്രീകളേ

എന്‍ വിധിയേക്കാള്‍ ഭാഗ്യമതു തന്നെയല്ലേ?
---------------------------------------------------
വൈധവ്യത്തെ ധീരമായി നേരിട്ട് ജീവിക്കുന്ന ഒരുപാടു പേരുണ്ടെങ്കിലും
ശപിക്കപ്പെട്ട ജന്മം ആണു വിധവയുടേതെന്ന് കരുതുന്ന ഒരു സമൂഹം ഇപ്പോഴും ഉണ്ട്.
സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും നിന്നു കൊടുക്കേണ്ടി വരുന്ന ഒരു വിഭാഗമാണ് ഇന്നും വിധവകള്‍. ഇത് അവര്‍ക്കു വേണ്ടി.......