2008, മാര്‍ച്ച് 26, ബുധനാഴ്ച

ഒരു ഇടവേള.... കുറച്ചു കാലത്തേക്ക്

പ്രീയപ്പെട്ട ബൂലോക സുഹൃത്തുക്കളേ....

ഒരു പെരുമഴ പെയ്ത പോലെ കുറെ എന്തൊക്കെയോ കുത്തിക്കുറിച്ചു വെച്ചിട്ട് ഞാനിതാ ചെറിയ ഒരു ഇടവേള എടുക്കുന്നു. നല്ല ഒരു വായനക്കാരി ആയി ഞാന്‍ ഈ ബൂലോകത്തു തന്നെ കാണുമെന്നും അറിയിക്കുന്നു. അപ്പോള്‍ എല്ലാം പറഞ്ഞ പോലെ....

കാണാം...കാണണം...

.

2008, മാര്‍ച്ച് 25, ചൊവ്വാഴ്ച

നീയും ഞാനും...


ഒരിക്കല്‍ മനസ്സുകളൊന്നായിരുന്നു
നീ ഞാനും ഞാന്‍ നീയുമാ‍യിരുന്നു.
ജീവിതസമരത്തില്‍ ദിശമാറി നീങ്ങവേ
അന്യോന്യമെന്നോ അന്യരായി
അര്‍ബുദം ആദ്യം പടര്‍ന്നുലഞ്ഞത്
നിന്നിലോ എന്നിലോ?
അകന്ന മനസ്സുകളുടെ വിടവിലൂടെ
പാഞ്ഞുകയറിയ വിഷവാഹിനി
സൌഹൃദവീഥിയില്‍ നഞ്ചേകി
ചിന്തകളില്‍ വെറുപ്പിന്റെ കയ്പുപാകി
ബന്ധങ്ങളിലെ സ്നേഹപ്രവാഹംനിലയ്ക്കവേ
മനസ്സില്‍ പരസ്പരം മൌനിയായി
സൌഹൃദത്തെ ബാധിച്ച അര്‍ബുദം
അസൂയയോ അഹങ്കാരമോ?
ചിന്തിക്കാന്‍ നേരമില്ല തെല്ലും
തിരക്കാണെനിയ്ക്കും നിനക്കും
ജീവിതമത്സരത്തിന്റെ വെപ്രാളത്തില്‍
തിരിച്ചറിവിന്റെ രോഗമുക്തി എന്നാണ്?


.

2008, മാര്‍ച്ച് 24, തിങ്കളാഴ്ച

നഷ്ടങ്ങളുടെ കണക്ക്


പറയാന്‍ മറന്ന വാക്കുകള്‍
കൊടുക്കാന്‍ കഴിയാതെ പോയ മനസ്സ്
കൈ നഷ്ടം വന്ന സ്വപ്നച്ചിന്തുകള്‍
ഒക്കെയും ഇന്നിന്റെ ഗദ്ഗദങ്ങള്‍
നാളെയുടെ തീരാനഷ്ടങ്ങളും

നഷ്ടങ്ങളായ് തീരാതിരിക്കാന്‍
വാക്കുകള്‍ക്ക് ഓര്‍മ്മയുടെ കാവലേകി
മനസ്സിനെ പാതിയായ് പങ്കു വെച്ചു
സ്വപ്നങ്ങളെ കയ്യെത്തിപ്പിടിച്ചു
എന്നിട്ടുമെന്റെ പുസ്തകത്താളില്‍
എന്തേ നഷ്ടത്തിന്റെ കണക്കുകള്‍?

വാക്കുകള്‍ക്കിടയില്‍ ചിന്തിയ മൌനം
മനസ്സ് വീതിച്ചെടുത്ത പങ്കാളി
സ്വപ്നങ്ങളുടെ ത്വരിതപ്രവേഗം
ലക്ഷ്യപ്രാപ്തിയില്‍ വഴുതിയതൊക്കെയും
ആ‍ കണക്കിലെ മൂല്യങ്ങളായിരുന്നു
തെറ്റിയത് സമവാക്യങ്ങളും
തിരുത്തിയെഴുതുക വയ്യ
തോല്‍‌വിയുടെ താളുകള്‍ മറിച്ചു കളയാം
പുതിയ താളുകളിലെ പുതുമയുടെ മണം
അനുഭവങ്ങള്‍ക്കു മറയാകാതിരുന്നെങ്കില്‍.....

2008, മാര്‍ച്ച് 23, ഞായറാഴ്ച

എല്ലാം മറക്കാം...പക്ഷെ


നിന്നെ കണ്ടറിഞ്ഞ കാഴ്ചകളൊക്കെയും
അന്ധയുടെ വികലസങ്കല്പമെങ്കില്‍

നിന്നെ സാകൂതം കേട്ടുനിന്നതൊക്കെയും
ബധിരയുടെ മൂകസംഗീതമെങ്കില്‍

നിന്നില്‍ നിന്നറിഞ്ഞ സ്പര്‍ശനങ്ങളൊക്കെയും
കുഷ്ഠരോഗിയുടെ കപടനാട്യമെങ്കില്‍

കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും
തൊട്ടറിഞ്ഞതും ഞാന്‍ മറക്കാം.....

പക്ഷെ; നിന്നെ അറിയുന്ന,
നിനക്കായി മിടിക്കുന്ന,
നിന്നെ തേടുന്ന എന്റെ ഹൃദയം...
അതിനെ എന്തായ് കരുതി ഞാന്‍ അവഗണിക്കണം???



മുകളിലെ ചിത്രത്തിന് കടപ്പാട്.. http://sacred-shopping.com/andrea_smith_gallery.php

.

2008, മാര്‍ച്ച് 18, ചൊവ്വാഴ്ച

തിരിച്ചറിയപ്പെടാത്തവര്‍



രാത്രിയുടെ പാരമ്യത്തില്‍
നഗരത്തിന്റെ വഴിയിടുക്കുകളില്‍
അന്നത്തിനു വേണ്ടി മാംസം വില്‍ക്കുന്നവളെ
പൊതുവില്‍ വിളിയ്ക്കാം; വേശ്യ

നാലുദിനം പശിയറികേ
വയറിന്റെ വിളി ആത്മാഭിമാനത്തെ ജയിച്ചാല്‍
അന്യനു മുന്നില്‍ കൈ നീട്ടുന്നവന്‍
അരായാലുമവന്‍; തെണ്ടി

ലോകത്തിന്റെ ശരവേഗതയില്‍
ഒപ്പം നടക്കാന്‍ കഴിയാതെ
മനസ്സിന്റെ താളം നഷ്ടപ്പെട്ടവന്‍
വിളിക്കാമവനെ; ഭ്രാന്തന്‍

ജീവിതസഹനത്തില്‍ മനസ്സുപിഴച്ചവന്‍
സ്വയമൊടുങ്ങും നേരം
പേരെഴുതിവെക്കാന്‍ മറന്നാല്‍
അവന്‍; അജ്ഞാതജഡം

പൊതുവായ നാമത്തില്‍
തിരിച്ചറിയപ്പെടാതെ പോകുന്ന
ജീവന്റെ ശേഷിപ്പുകള്‍ ഇനിയുമെത്ര!!!


.

2008, മാര്‍ച്ച് 16, ഞായറാഴ്ച

ഞാന്‍‌ മാലാഖയല്ല


എനിക്കു വേണ്ടത് നിതാന്തമായ മോചനമാണ്
ജീവിതത്തില്‍ നിന്നല്ല; മരണത്തില്‍ നിന്ന്
കാരണം നീ‍യെനിയ്ക്കു തന്നത് മരണമായിരുന്നു.
എനിയ്ക്കു പാര്‍ക്കാന്‍ നീയൊരുക്കിയത് നിന്റെ മനസ്സല്ല
പാപചിന്തകളുടെ മടിത്തട്ടാണ്;അതാകട്ടെ,
വേദനകള്‍ നിരന്തരം വേലിയേറ്റം നടത്തുന്ന
നരകത്തിലേക്ക് തുറക്കുന്ന വാതായനവും.
ഞാനെന്റെ വികാരങ്ങള്‍ പങ്കുവെച്ചത്
ദുരാത്മാവായ നിന്റെ അഴുകിയ ജഡത്തിലായിരുന്നു
വേട്ടയാടപ്പെട്ട എന്റെ ശരീരവും ഊഷരമനസ്സും
നിന്റെ പാപസ്നാനത്തിന്റെ സാക്ഷികളാണ്

എന്നെന്നേയ്ക്കുമായി നീ ഒഴിഞ്ഞു പോവുക,
എന്റെ സ്വപ്നങ്ങള്‍ക്കു കരിനിഴല്‍ വീഴ്ത്താതെ,
മനസ്സിലെ വടുക്കളെ വ്രണപ്പെടുത്താതെ.
ഒരപേക്ഷ; തിരികെ വരരുത്
മനസ്സില്‍ ഞാന്‍ നിനക്കു ബലിയൂട്ടുന്നു
അലഞ്ഞോരു കാറ്റായ് പോലും വരാതിരിക്കാന്‍.
വ്രണിത സ്വപ്നങ്ങളുടെ ചിതയില്‍;
ഓര്‍മ്മകളുടെ കനലുകള്‍ ആളിക്കത്തിയാല്‍
ആ അഗ്നി വിഴുങ്ങുന്നത് നിന്നെയാവും.
എന്റെ ക്ഷമയ്ക്കിനി മഴയായ് പെയ്യാന്‍ കഴിയില്ല;
കാരണം ഞാന്‍ മാലാഖയല്ല; മനുഷ്യസ്ത്രീയാണ്

മുകളിലെ ചിത്രത്തിനു കടപ്പാട്.. www.charlotte-baynes.com/laurensebastian/imgs...

2008, മാര്‍ച്ച് 13, വ്യാഴാഴ്ച

സമാന്തര രേഖകള്‍


അവന്‍ ഒരു വൃത്തമായിരുന്നു
വക്രതയാല്‍ ചമച്ച
നേര്‍വഴിയില്ലാത്ത ജീവന്റെ പതിപ്പ്
ശൂന്യതയുടെ നേര്‍ച്ചിത്രം
ചുറ്റി സഞ്ചരിച്ചെങ്കിലും
അവനാകുന്ന വൃത്തത്തെയുള്‍ക്കൊള്ളാന്‍
കഴിഞ്ഞില്ലെനിക്ക്
അര്‍ദ്ധവൃത്തമാകാനും

അവന്‍ വൃത്തമായിക്കോട്ടെ
ഞാന്‍ രേഖയും
വൃത്തത്തെ കീറിമുറിക്കവേ കണ്ടു
കണ്ടില്ലെന്നു നടിച്ച സമാന്തരരേഖയെ

സമാന്തരമായതിനോടൊത്തു
ഞാന്‍ സഞ്ചരിക്കാം
കൂടിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും
കൃത്യമായ അകലത്തില്‍
ആ സാമിപ്യമെങ്കിലുമുണ്ടല്ലോ
എന്റെ യാത്രയില്‍ കൂട്ടായി

ശിരോലിഖിതം


കാണാത്ത ലിപികളില്‍,
കേള്‍ക്കാത്ത വാക്കുകളില്‍,
ചേരാത്ത വാചകങ്ങളില്‍,
അജ്ഞാതമായ തൂലികയാല്‍,
അദൃശ്യമായ മഷിയില്‍
തൊട്ടെഴുതിയതെന്താണ് ....???

വിധി.....

.

2008, മാര്‍ച്ച് 12, ബുധനാഴ്ച

ചേച്ചി


അമ്മയ്ക്കു സ്നേഹമനുജനോടേറെയെന്നു
പരാതി ചൊല്ലിക്കരയുന്ന പൈതലേ
ഏറെക്കാത്തിരുന്നമ്മയ്ക്കു കിട്ടിയ പ്രിയമേറും
കടിഞ്ഞൂല്‍ക്കനിയാണു നീയോമനേ
നിനക്കു കൂട്ടായി നിന്‍ കൂടെ വളരുവാന്‍
ഈശന്റെ സമ്മാനമീ കുഞ്ഞുസോദരന്‍
സ്നേഹിക്ക നീയീ കുസൃതിക്കുരുന്നിനെ
നിന്നെ ഞാന്‍ ലാളിച്ചൊരാവിധമൊക്കെയും
കൂടെ കളിക്കുന്ന തോഴിയായ് മാറണം
നേര്‍വഴികാട്ടുന്ന തുണയായി തീരണം
സ്നേഹത്തിന്‍ നിഴലായ് നീ മാറുന്ന നേരത്തും
അമ്മതന്‍ സ്നേഹമതു നിന്നെ പൊതിഞ്ഞിടും

ചതി ചതി കൊടുംചതി

വീണ്ടും വീണ്ടും ഗൂഗിള്‍ എന്നോട് ചതി ചെയ്യുന്നു...ചതികള്‍ ഏറ്റുവാങ്ങാന്‍ ഷാരുവിന്റെ ജീവിതം ഇനിയും ബാക്കി.

എന്റെ പുതിയ പോസ്റ്റ്; ഇന്നലെ വരെ അഗ്രഗേറ്ററില്‍ ഉണ്ടായിരുന്ന എന്റെ പോസ്റ്റ് ഇന്ന് രാവിലെ നോക്കിയപ്പോള്‍ കാണാനില്ല. അതുകൊണ്ട് ‘കളിക്കൂട്ടുകാരന്‍’ എന്നെ എന്റെ പുതിയ പോസ്റ്റ് വായിക്കണം എന്ന് തോന്നുന്നവര്‍ (എല്ലാവര്‍ക്കും വായിക്കാന്‍ തോന്നണേ ഈശ്വരാ......) ദയവായി ഇതിലേ പോവുക...

2008, മാര്‍ച്ച് 11, ചൊവ്വാഴ്ച

കളിക്കൂട്ടുകാരന്‍


കുട്ടിക്കാലം മുതലേ നീമാത്രമാണെന്‍ ചങ്ങാതി
വെയിലില്‍ മഴയില്‍ ‍ നിനക്കൊപ്പം ഓടിയും വീണും തിമിര്‍ത്തും

രാവ് പടരവേ സന്ധ്യയ്ക്കമ്മതന്‍ വിളിവരും നേരം വരെയും
പാടത്തും തൊടിയിലും കണ്ണാരംപൊത്തിക്കളിച്ചതും

സ്കൂളിലും വന്നെനിയ്ക്കു നീ കൂട്ടായി കൂടെ കുസൃതി കാട്ടിയും
മടങ്ങും നേരമെത്തും വരേയും മുറ്റത്തങ്ങനെ ചുറ്റിത്തിരിഞ്ഞും

വളരവേ വിലക്കുകളേറെ വെയ്ക്കവേ ഒളിഞ്ഞാരുംകാണാതെ
അരികില്‍ നീ വന്നെത്തി ആശ്ലേഷിച്ചകന്നുപോയ്

മാസത്തിലേഴുനാളില്‍ ആരെയുംകാണാതെ തീണ്ടാതിരിക്കുകില്‍
കള്ളച്ചിരിപൊഴിച്ചെന്നെ കാണാനെത്തിടും ചോരന്‍ നീ

എന്നുമെന്‍ സ്വകാര്യതകളിലെത്തിനോക്കാനായ് വരുന്നവന്‍
രാപകലില്ലാതെ, ആരെയും കൂസാതെന്‍ മുറിയില്‍ നീ എത്തുന്നു

എപ്പോഴോ ശഠിച്ചുപരിഭവിച്ചെന്‍ കണ്ണൊന്നു നിറയുകില്‍
പിന്നെ ഞാന്‍ ചിരിക്കും നേരംവരെയും അലസമായ് ചുറ്റി നിന്നിടും

എന്നെ വിട്ടുപോകാതെ പോയതുപോല്‍ നടിച്ചെന്നെ പറ്റിച്ചും
ചിലനാളില്‍ കാണാനായെത്താതെ തെല്ലു ഭയപ്പെടുത്തിയും

പലനാളുകള്‍കൊഴിയവേ ഞാനിന്നു മാംഗല്യം തേടവേ
നിന്നെ പിരിയേണ്ടിവരുമെന്നോര്‍ത്തു ഞാന്‍ ഭയക്കുന്നു

എങ്കിലും നീ എന്നെ തേടിയെത്തുമെന്നറിയുന്നു ഞാന്‍
എത്രദൂരമെന്നാകിലും കാറ്റാകും നിനക്കെന്തു വിലക്കുകള്‍

മുകളിലെ പടത്തിന് കടപ്പാട്: Catch the Wind -- Original oil painting by Robert McIntosh, Muskogee (Creek) Nation

2008, മാര്‍ച്ച് 10, തിങ്കളാഴ്ച

പരേതനു വേണ്ടി ഒരു കുമ്പസാരം


ഇതെന്റെ അനുഭവമല്ല. എന്നാല്‍ ഇതറിഞ്ഞ നിമിഷം മുതല്‍ ഇന്നു വരെ ഇതിനെ കുറിച്ചു ചിന്തിക്കുന്ന ഓരോനിമിഷത്തിലും ഞാന്‍ അനുഭവിക്കുന്ന പറഞ്ഞറിയിക്കാനാകാത്ത ഒരു വേദനയുണ്ട്. അതാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നതും. ഇതിലെ സത്യത്തിന്റെ മുഖം ഒരു പക്ഷെ വിശ്വസിക്കാന്‍ കഴിയാത്ത വിധത്തിലാകാം. എങ്കിലും നിങ്ങളും ഇതറിയട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. ഒരിക്കലും ഞാന്‍ കാണാത്ത, അറിയാത്ത പരേതനായ ആ സുഹൃത്തിനു വേണ്ടി..

ഈ സംഭവത്തിലെ ഹതഭാഗ്യനായ നായകന്‍ എന്റെ പ്രീയപ്പെട്ട സുഹൃത്തിന്റെ ബാല്യകാലസുഹൃത്താണ്. അവന്‍ പറഞ്ഞുള്ള അറിവു മാത്രമേ എനിക്കീ സംഭവത്തെ കുറിച്ചുള്ളു. എന്റെ സുഹൃത്തിനെ ഞാന്‍ പരിചയപ്പെടുന്നത് സംഭവബഹുലമായ എന്റെ പോളിടെക്നിക് ജീവിതത്തിന്റെ തുടക്കത്തില്‍ ആണ്. അന്നുമുതല്‍ ഇന്നു വരെ അവന്‍ എന്റെ ഉറ്റ ചങ്ങാതിയും. ഒരിക്കല്‍ എന്തിനെന്നറിയില്ല; ഒരു പക്ഷെ അവന്റെ മനസ്സിന്റെ വിങ്ങല്‍ എന്നോട് പങ്കു വെച്ചതുമാകാം...അവന്‍ എന്നോട് ആ സംഭവം പറഞ്ഞു. അവന്റെ പ്ലസ് ടു ജീവിതത്തിനിടയില്‍ നേരിടേണ്ടിവന്ന ഒരു ദു:ഖത്തിന്റെ കഥ.

ഇടുക്കി ജില്ലയിലാണ് എന്റെ ചങ്ങാതിയിടെ വീട്. ബാല്യം മുതല്‍ അവന്റെ കൂടെ കളിച്ചും ചിരിച്ചും ഒക്കെ വളര്‍ന്നതാണ് നമ്മുടെ നായകന്‍. പേര് ബിജു. വളര്‍ന്നു വന്നപ്പോള്‍ ഏതൊരു കൌമാരക്കാരനുമുള്ളതു പോലെ നമ്മുടെ നായകനും ഒരു പ്രണയം. അത് മറ്റാരോടുമല്ല, സ്വന്തം മുറപ്പെണ്ണിനോട് തന്നെ. ആ പെണ്‍കുട്ടി കൌമാരത്തിലെത്തിയിട്ടേയുള്ളു. പലപ്പോഴും ടി.വി കാണാനും മറ്റുമായി ഈ പെണ്‍കുട്ടി ബിജുവിന്റെ വീട്ടില്‍ വരുന്നത് പതിവായിരുന്നു. സ്വാഭാവികമായും അവര്‍ക്ക് തനിയെ കാണാനും സംസാരിക്കാനും അവസരങ്ങള്‍ ലഭിക്കുക പതിവായിരുന്നു. കൌമാരത്തിന്റെ കുസൃതികള്‍ വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയത് ഒരുപക്ഷെ അവിടെ നിന്നുമാകാം. ആദ്യമാദ്യം സ്വാഭാവികമായി വന്നു ചേര്‍ന്നിരുന്ന അവസരങ്ങള്‍ക്കായി അവര്‍ കാത്തിരിക്കാനും ഒത്തുചേരാനും ശ്രമിച്ചുതുടങ്ങി.

അത്തരത്തില്‍ അവര്‍ ഒരുമിച്ചു ചേര്‍ന്ന ഒരു രാവിലെ അപ്രതീക്ഷിതമായി ആ പെണ്‍കുട്ടിയുടെ അമ്മ ബിജുവിന്റെ വീട്ടിലേക്ക് വന്നു. മറ്റെന്തോ ആവശ്യത്തിനായി അവിടെ എത്തിയ അമ്മയെ കണ്ട് പെണ്‍കുട്ടി ഭയന്നു. അമ്മ വീടിനകത്തേക്കു വരുന്നതു വീടിന്റെ മുകളിലെ നിലയില്‍ നിന്ന് കണ്ട് പെണ്‍കുട്ടി പുറത്തേക്ക് ഓടാന്‍ ഭാവിച്ചു. ബിജു അവളെ തടഞ്ഞു. മിണ്ടാതെ നില്‍ക്കുവാനും കുറച്ച് കഴിഞ്ഞു അമ്മ തിരികെ പോകുമെന്നും പറഞ്ഞു അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ താഴേക്ക് ഓടാന്‍ തുടങ്ങി. ഇതുകണ്ട് ബിജു അവളെ തടയുകയും ഒച്ച വെക്കാതിരിക്കാന്‍ അവളുടെ വായ് പൊത്തിപ്പിടിയ്ക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് അവിടെ എങ്ങും ആരെയും കാണാതെ ആ പെണ്‍കുട്ടിയുടെ അമ്മ തിരികെ പോവുകയും ചെയ്തു. അല്പം കഴിഞ്ഞ് പുറകെ അവള്‍ ഓടി പോകുന്നത് അവന്‍ കണ്ടതുമാണ്. പക്ഷെ കുറച്ചു കഴിഞ്ഞ് പുറത്തേക്ക് പോകാന്‍ ഒരുങ്ങി ഇറങ്ങിയ ബിജു കണ്ടത് മുറ്റത്ത് ബോധമില്ലാതെ കിടക്കുന്ന പെണ്‍കുട്ടിയെ ആണ്. ഓടിചെന്നു വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവള്‍ മരിച്ചു കിടക്കുകയായിരുന്നു.

ഒരു കൌമാരക്കാരന്റെ പക്വതയില്ലാത്ത മനസ്സ് അവനെ സ്വയം ഒരു കൊലയാ‍ളിയാക്കി കഴിഞ്ഞിരുന്നു. ചിന്തിക്കാനുള്ള പാകത ആ മനസികാവസ്ഥയില്‍ ഉണ്ടായതുമില്ല. കിട്ടിയ നേരം കൊണ്ട് അവന്‍ ഓടി അല്പം ദൂരെയുള്ള കാട്ടില്‍ ഒളിച്ചിരുന്നു. ആദ്യമൊന്നും ബിജുവിന്റെ അസാന്നിധ്യം ആരും ശ്രദ്ധിച്ചില്ല. പക്ഷെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിജുവിനെ കാണുന്നില്ലെന്നതും മരിച്ച പെണ്‍കുട്ടിയും ബിജുവും തമ്മില്‍ ഉണ്ടായിരുന്ന പ്രണയവും ഒക്കെ ശ്രദ്ധിക്കപ്പെട്ടു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
എല്ലാവരുടെയും മുന്നില്‍ അവന്‍ കൊലയാളിയായി.

ബിജുവിന്റെ മനസ്സില്‍ എവിടെയോ ഒരു നിരപരാധി ഉണ്ടായിരുന്നിരിക്കണം. അല്ലെങ്കില്‍ എല്ലാം ഏറ്റു പറയണം എന്നു അവനു തോന്നിയിരിക്കണം. അന്നു രാത്രി എന്റെ സുഹൃത്തിനെ തേടി അവന്‍ വന്നു. സ്ഥിരമായി അവര്‍ തമ്മില്‍ കൈമാറിയിരുന്ന ചൂളംവിളി അന്നും മുഴങ്ങി. പക്ഷെ ഇതൊന്നും അറിയാതെ എന്റെ സുഹൃത്ത് ദൂരെയുള്ള ഒരു ബന്ധുവീട്ടില്‍ ആയിരുന്നു. തിരികെ ചൂളം വിളിക്കാനോ ബിജുവിനെ തേടി ചെല്ലാനോ അവനു കഴിഞ്ഞില്ല. ഇതെല്ലാം പിന്നീട് സ്വന്തം അനുജന്‍ പറഞ്ഞാണ് എന്റെ ചങ്ങാതി അറിയുന്നത്. തുടര്‍ച്ചെയുള്ള ചൂളം വിളി കേട്ടെങ്കിലും പുറത്തേക്കിറങ്ങി പോയി നോക്കാന്‍ ‍സ്വാഭാവികമായുള്ള ഭയം അവന്റെ അനുജനെ അനുവദിച്ചതുമില്ല.

പിറ്റെ ദിവസം തിരികെ വരുമ്പോള്‍ എന്റെ ചങ്ങാതിയെ കാത്തിരുന്നത് രണ്ട് മരണവാര്‍ത്തകള്‍ ആയിരുന്നു. ആ പെണ്‍കുട്ടിയുടേതും ബിജുവിന്റേതും. ആത്മാര്‍ത്ഥ സുഹൃത്തിനെ കാണാനാകാതെ തിരികെ പോയ ആ കൌമാരമനസ്സില്‍ ആഴത്തില്‍ വേറിറങ്ങിയ ഭയം അവനെ കൊണ്ടുചെന്നെത്തിച്ചത് ആത്മഹത്യ എന്ന തീരുമാനത്തിലായിരുന്നു. അതിനേക്കാള്‍ ഞെട്ടിച്ചത് അതിനു പുറകെ വന്ന വാര്‍ത്തയായിരുന്നു. ആ പെണ്‍കുട്ടി മരിച്ചത് മുന്നേ തന്നെ ഉണ്ടായിരുന്ന ടി.ബി മൂലമായിരുന്നു എന്ന അറിവ്. കൂടാതെ മരണത്തിന് മുന്‍പ് ബിജു എഴുതി വെച്ച കത്ത് അവന്റെ നിരപരാധിത്വം തെളിയിക്കുന്നതായിരുന്നു. അതിന് പ്രയോജനം ഇല്ലെങ്കില്‍ കൂടി. ഒരുപക്ഷെ പെട്ടെന്നുണ്ടായ അപ്രതീക്ഷിതമായ വിഭ്രമവും കൂട്ടത്തില്‍ മുഖം പൊത്തിപ്പിടിച്ചതും എല്ലാം മരണത്തിനു പിന്നിലെ മറ്റൂ കാരണങ്ങള്‍ ആകാം. എങ്കിലും സ്വയം മരണം ഏറ്റുവാങ്ങാന്‍ മാത്രം ഒരു തെറ്റ് ബിജു മനപൂര്‍വ്വം ചെയ്തിരുന്നോ??? ആരോട് ചോദിക്കാന്‍.....കൌമാരത്തിന്റെ ചാപല്യം അവനെ കൊണ്ടുചെന്നെത്തിച്ചത് മരണത്തിലേക്കായിരുന്നു. അവന്റെ പാവം കാമുകിയേയും.

2008, മാര്‍ച്ച് 9, ഞായറാഴ്ച

എന്റെ പ്രണയം


ഭയം വിതയ്ക്കുന്ന ദു:സ്വപ്നത്തിനൊടുവിലെ
ആശ്വാസമേകുമൊരുണര്‍വ്വാണെന്റെ പ്രണയം
ഭീതിയുടെ നിഴല്‍പാകിയ താളംതെറ്റിയ നിശ്വാസങ്ങള്‍
സാന്ത്വനത്തിനു വഴിമാറുന്ന നിമിഷമാണ് എന്റെ പ്രണയം
മരണം താണ്ഡവമാടിയ ഇരുട്ടിന്റെ താഴ്വരയിലെ
തെളിഞ്ഞ ജീവന്റെ ശേഷിപ്പാണെന്റെ പ്രണയം

ഉണര്‍വ്വെന്നതില്ലാത്ത നിദ്രയിലെ ദു:സ്വപ്നവും
ഭീതിയുടെ നെരിപ്പോടിലുരുകുന്ന യുഗങ്ങളും
ജീവനെതുടച്ചു നീക്കുന്ന മരണവും പ്രതീക്ഷിക്കുമ്പോഴും
ഞാന്‍ ഏറെ സ്നേഹിക്കുന്നു ;വല്ലാതെ കൊതിയ്ക്കുന്നു;
അറിഞ്ഞു പുല്‍കുന്നു...എന്റെ പ്രണയത്തെ

2008, മാര്‍ച്ച് 4, ചൊവ്വാഴ്ച

നദിയുടെ വിലാപം



അറിയുന്നില്ലാരുമെന്‍ ശിഥില മനസ്സിനെ
നിശബ്ദമൊഴുകവേ തിരതല്ലുമോളങ്ങളെ
വികാരവിക്ഷുബ്ധമാകുമെന്നുള്ളിലെ ചുഴികളെ
ഒഴുകുമൊരു നദിയാകുമെന്‍ തപ്തവികാരങ്ങളെ
എന്നെയുള്‍ക്കൊള്ളേണ്ടയാഴിയെങ്ങോ ദൂരെ
പിടയുമൊരു മനസ്സുമായ് കരയോട് കേഴുന്നു
ഒരുനോക്കു കാണുവാനവനില്‍ ചേരുവാന്‍
ദ്രുതവേഗമൊഴുകുന്നു ദൂരങ്ങള്‍ താണ്ടുന്നു
ആഴി തേടിയൊഴുകുമീ വീഥിതന്‍ പാപങ്ങള്‍
ഒക്കെയും ഞാനെന്റെ ചുമലിലായ് പേറുന്നു
കര്‍മ്മത്തില്‍ പ്രീതരാം ആത്മാക്കള്‍ക്കൊപ്പമാ‍യ്
ജീര്‍ണ്ണിച്ചു തീരുമീയനാഥ ശവങ്ങളും
വിഷലിപ്തമാകുമൊരു മാലിന്യവാഹിയായ്
ജീവനുകളേറെയെടുത്തോരു ദാ‍ഹിയായ്
തീരാത്ത ശാപങ്ങളാത്മാവില്‍ ചേരവേ
പുനര്‍ജന്മമില്ലാത്ത പാപിയായ് തീരുന്നു
നിതാന്തമായൊഴുകുന്ന ശാന്തതയ്ക്കിടയിലായ്
എന്‍ കാലിനെ തളയ്ക്കുന്ന ചങ്ങലക്കെട്ടുകള്‍
വ്യഭിചരിച്ചെന്നുടെ ഗര്‍ഭത്തില്‍ പേറുന്ന
ജീവനാം മണ്ണിനെ കവര്‍ന്നെടുത്തീടുന്നു
ലക്ഷ്യത്തില്‍ ചേരാതെ മൃത്യുവെ പുല്‍കുന്ന
ശാപജന്മത്തിന്നൊടുക്കമായ് തീരുന്നു
മാതാവിന്‍ കാരുണ്യമാര്‍ത്തൊരെന്‍ മനസ്സിനെ
കോപാഗ്നി ചിന്തുന്ന ദ്രോഹിയായ് മാറ്റുന്നു
അറിയുന്നില്ലാരുമീ തിന്മതന്‍ ചെയ്തികള്‍
അറിയാതെയെല്ലാമൊടുങ്ങട്ടെയീ വിധം