.
ചിത്രത്തിന് കടപ്പാട്: www.ourlittleangel.co.uk/
മാംഗല്യച്ചരടിലാണ് നീയെന്നെ ബന്ധിച്ചത്
അതറുത്തെടുക്കുമെന്നതു തന്നെ ഭീഷണിയും
കെട്ടിയത് ദുസ്സഹമായ ബന്ധനമെങ്കില്‍
അഴിച്ചെടുക്കുന്നത് മോചനമാകില്ലേ?
ഇനിയൊരു മോചനം മധുരിക്കുന്ന കയ്പാണെന്ന്
ഏതുചിന്തയാണെന്നോട് പറഞ്ഞത്?
ജന്മം കടം തന്നവര്‍ക്കാശ്രയമായപ്പൊഴൊക്കെയും
വിലങ്ങായ കൈകളില്‍ സനാഥയെന്നു നടിച്ചു
കടമെടുത്ത ജീവനെന്റെയുള്ളില്‍ തേങ്ങുമ്പോള്‍
വന്ന വഴികളില്‍ ഇരുട്ടു നിറച്ച് മറവി നടിച്ചു
ഉന്നതന്റെ തീന്‍മേശമര്യാദയ്ക്കുമേല്‍ ലഹരിയും
ലഹരിക്കുമേലെന്നെ ലാസ്യവുമാക്കി
സ്വന്തമെന്ന നിന്റെ കപടത മറനീക്കിയനേരം
പലര്‍ക്കും പലവുരു ഞാന്‍ പണയപ്പെട്ടു
മരവിച്ച മാംഗല്യം മനസ്സില്‍ മരിച്ച നാളില്‍
വീണുകിട്ടിയ സ്നേഹം കൈനീട്ടി വാങ്ങിയപ്പോള്‍;
അപ്പോള്‍ മാത്രം ഞാന്‍ നാറുന്ന വിഴുപ്പായി
അവിഹിതമായതിന്റെ കാവല്‍ക്കാരിയായി.
ദോഷം തിരിച്ചേല്‍പ്പിക്കാന്‍ മാതാപിതാക്കളും
കൂടെപ്പിഴച്ചവരാകാന്‍ കൂടപ്പിറപ്പുകളുമുണ്ടായി
ശിക്ഷയായി അറുത്തെടുത്ത ചരടില്‍
സദാചാരത്തിന്റെ മാന്യതയും കെട്ടിത്തൂങ്ങി
ഇപ്പോഴും നീയറിയുന്നില്ല; നീയെന്നല്ലയാരും,
മോചനമെങ്ങനെയൊരു ശിക്ഷയാകും?
ആദ്യം ചതിക്കപ്പെട്ടത് ഞാനാണെങ്കില്‍
ഒടുവിലെ തോല്‍വി നിന്റേതാണ്; നിന്റേത് മാത്രം.